കൊറോണ ലോക്ക് ഡൗൺ അവസാനിക്കാൻ ഇനിയും രണ്ടാഴ്ചയിലേറെയുണ്ടെന്നോർത്ത് അസ്വസ്ഥരാവുകയാണ് ചുറ്റുവട്ടത്തുള്ളവർ. ഗാന്ധിപ്രതിമ ഒഴിച്ച് കോട്ടയത്ത് ബാക്കിയെല്ലാവരും ഏഴുമണികഴിഞ്ഞാൽ ഫിറ്റാണെന്ന് പണ്ട് പറഞ്ഞത് നല്ല കുടിയനായ സംവിധായകൻ ജോൺ എബ്രഹാമായിരുന്നു. ബാറും ബിവറേജും ഒരു സുപ്രഭാതത്തിൽ അടയ്ക്കുമെന്ന് ആരും കരുതിയല്ല അതു കൊണ്ട് സാധനം സ്റ്റോക്ക് ചെയ്യാൻ കഴിഞ്ഞതുമില്ല. മിലിട്ടറി സാധനവും തീർന്നതോടെ പലരും ഫിറ്റാകാനുള്ള അരിഷ്ടത്തിനായി വൈദ്യശാല തേടിതുടങ്ങി. ചിലർ പഴയ പണിയായ വാറ്റുമാരംഭിച്ചു. കേരളത്തിൽ പല ജില്ലകളിലും മദ്യം കിട്ടാതെ പലരും ആത്മഹത്യ ചെയ്ത് തുടങ്ങി. ചങ്ങനാശേരിയിലും ഇന്നലെ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഒന്നു തല്ലിയാൽ രണ്ടെണ്ണം തിരിച്ചു കൊടുക്കുന്ന സ്വഭാവമുള്ളവർ കൂടുതലായതിനാൽ നിയമം പാലിക്കുക കോട്ടയംകാർക്ക് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. നോപാർക്കിംഗ് ഏരിയ ബോർഡ് കണ്ടാൽ അവിടെയേ വാഹനം പാർക്ക് ചെയ്യൂ. വൺവേ ആണെങ്കിൽ അത് തെറ്റിക്കും. ഹെൽമറ്റ് എങ്ങനെ വയ്ക്കാതിരിക്കാമെന്ന് നോക്കും. പാലാ ,ഈരാറ്റുപേട്ട, ,കാഞ്ഞിരപ്പള്ളി തുടങ്ങി കിഴക്കൻ പ്രദേശങ്ങളിൽ പലർക്കും ഇന്നും ഹെൽമറ്റ് അലർജിയാണ്. ചോദിക്കാൻ പൊലീസുകാർക്കും പേടി. അങ്ങനെയുള്ളിടത്ത് കൊറോണയെ പേടിച്ച് പുറത്തിറങ്ങരുതെന്ന് മോദിയോ പിണറായിയോ ബെഹ്റയോ പറഞ്ഞാൽ ആര് കേൾക്കാനാണ്. പ്രത്യേകിച്ച് പൂഞ്ഞാർ സിംഹം ജോർജിന്റെ നാട്ടിൽ. റോഡിലിറങ്ങിയവരെ പൊലീസ് ലാത്തിച്ചാർജ് ചെയ്തിട്ടും പൊലീസ് ഞങ്ങൾക്ക് പുല്ലാണെന്ന് പറഞ്ഞ് പിന്നെയും ഇറങ്ങി.
എന്നും നാട്ടിൽ ആളുകൂടുന്ന കവലയിൽ ഇറങ്ങിയില്ലെങ്കിൽ ഉറക്കം വരാത്തവരാണ് പലരും. വീട്ടിൽ അടച്ചിരുന്നാൽ അസ്വസ്ഥരാകും. നേരത്തേ ബാറ് ഉണ്ടായിരുന്നപ്പോൾ അരണ്ട വെളിച്ചത്തിലിരുന്നു ശീലിച്ചവർക്കും ബിവറേജിന് മുന്നിൽ ക്യൂ നിന്നവർക്കും വായശാലയിലും സിനിമാകൊട്ടകയിലും എല്ലാം ചുറ്റിനടക്കുന്നത് ജീവിതത്തിന്റെ ഭാഗമാക്കിയവർ എങ്ങനെ ഏറെ നേരം വീട്ടിലിരിക്കും. ഭാര്യയും മക്കളും പറയുന്നത് അനുസരിക്കും?
നുണ പറഞ്ഞ് റോഡിലിറങ്ങിയവരെയെല്ലാം പൊലീസ് പൊക്കി. പിഴ അടപ്പിച്ചു. വാഹനം പിടിച്ചെടുത്തു. ഇതൊക്കെ എത്ര കണ്ടെന്ന മട്ടിൽ അതോടെ കാൽനടയായി പലരും പുറത്തിറങ്ങി. രാവും പകലും വാഹനം തടഞ്ഞു പരിശോധന നടത്തി പൊലീസുകാരും മടുത്തു. തത്ക്കാലത്തേക്കെങ്കിലും ആരെയു വകവയ്ക്കാത്ത കോട്ടയംകാരുടെ സ്വഭാവം മാറ്റിവയ്ക്കണമെന്നണ് ചുറ്റുവട്ടത്തിന് ഓർമിപ്പിക്കാനുള്ളത്. കേരളത്തിൽ ആദ്യം കൊറോണ വന്നത് കോട്ടയത്താണ്. ഇറ്റലിയിൽ നിന്ന് വന്ന ബന്ധുക്കളെ സ്വീകരിക്കാൻ നെടുമ്പാശേരിയിൽ പോയ ചെങ്ങളംകാർ രോഗം പരത്തിയെങ്കിൽ നല്ല ചികിത്സ ലഭിച്ചത് കൊണ്ട് രോഗം ഭേദമായി അവരിപ്പോൾ വീട്ടിലെത്തി. ഇവരുടെ റാന്നിയിലുള്ള വൃദ്ധമാതാപിതാക്കളും രോഗം ബധിച്ച് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്നു ഇപ്പോൾ സുഖം പ്രാപിച്ചു. ഇവരെ പരിചരിച്ച ഒരു നഴ്സിന് മാത്രമാണ് ഇപ്പോൾ രോഗം.
മറ്റു ജില്ലകളെ അപേക്ഷിച്ച് കൊറോണ പടരുന്നത് തടയാൻ നമുക്ക് കഴിഞ്ഞത് അതീവ ജാഗ്രത പുലർത്തിയത് കൊണ്ടാണ്. അതുകൊണ്ട് ഇനി രോഗം പരത്താനുള്ള ശ്രമം ഉണ്ടാവരുത്. എനിക്ക് രോഗം വരില്ലെന്ന വിശ്വാസം ശരിയല്ല. എനിക്ക് വരാതിരുന്നാൽ മറ്റുള്ളവർക്കും വരില്ല. അതുകൊണ്ട് പുറത്തിറങ്ങി രോഗം പടരാതെ നോക്കാൻ സർക്കാർ നിർദ്ദേശം പാലിച്ച് വീട്ടിൽ തന്നെ കഴിയുക. ലോക്ക് ഡൗൺ ചിലപ്പോൾ ഇനിയും നീളാം. അതിൽ അസ്വസ്ഥത പ്രകടിപ്പിച്ച് പൊലീസിനോട് തട്ടിക്കയറാൻ ശ്രമിക്കാതെ അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നാണ് ചുറ്റുവട്ടത്തിന് ഉപദേശിക്കാനുള്ളത്...