പാലാ: 'കൊറോണയുടെ പശ്ചാത്തലത്തിൽ വലയുന്ന പാവപ്പെട്ടവരുണ്ടോ...? വിളിക്കണേ..... ' സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പോസ്റ്റിട്ട പാലാ നഗരസഭാ കൗൺസിലറും പൊതുപ്രവർത്തകനുമായ അഡ്വ. ബിനു പുളിക്കക്കണ്ടത്തിന്റെ ഫോണിലേക്ക് കൃത്യം അഞ്ചാം മിനിട്ടിൽ ആദ്യ കോളെത്തി; 'സർ, കൂടുതലൊന്നും വേണ്ട, മരുന്ന് വാങ്ങാൻ എനിക്കൊരു 200 രൂപ തരാമോ ....? തുടർന്ന് ആദ്യ ഒരു മണിക്കൂറിനുള്ളിൽ മുപ്പതോളം കോളുകൾ .... വെള്ളിയാഴ്ച രാത്രി 8 മണിക്കാണ് ബിനു പുളിക്കക്കണ്ടം, സഹായം ആവശ്യമുളള പാവപ്പെട്ട കുടുംബാംഗങ്ങൾ വിളിക്കണമെന്നറിയിച്ച് തന്റെ രണ്ടു മൊബൈൽ നമ്പറുകൾ സഹിതം പോസ്റ്റിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ വിളിച്ച അൻപതോളം കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെ ഇന്നലെ വിതരണം ചെയ്തു കഴിഞ്ഞു. ലോക്ക് ഡൗൺ ആരംഭിച്ചിട്ട് ചുരുങ്ങിയ ദിവസങ്ങളേ ആയിട്ടുള്ളൂവെങ്കിലും പല കുടുംബങ്ങളും ഇപ്പോൾ തന്നെ ബുദ്ധിമുട്ടിലായിരിക്കുകയാണെന്ന് നേരിൽ മനസിലാക്കിയതായി ബിനു പറഞ്ഞു. ഏതാനും കുടുംബങ്ങളെ കൂടി സഹായിക്കണം എന്നാണ് ബിനുവിന്റെ ആഗ്രഹം. പാലാ നഗരസഭാ പരിധിയിലുള്ളവർക്കാണ് മുൻഗണന.