ചെങ്ങളം: മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും പുറംലോകം കണ്ടത്. പൊന്നോമനയെ വാരിപ്പുണരുന്നത്. നാട്ടുകാരുമായി കുശലം പറയുന്നത്. കൊറോണയിൽ നിന്ന് മോചിതരായ ചെങ്ങളം സ്വദേശികളായ ദമ്പതികൾ ഇന്നലെ വീട്ടിലെത്തി.
21 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. ഒപ്പം ചികിത്സയിൽ കഴിയുന്ന അപ്പച്ചനും അമ്മച്ചിയും എത്രയും വേഗം ആശുപത്രി വിടണമെന്ന പ്രാർത്ഥനയിലാണ് ഇവർ. ഇവരോടൊപ്പം ആശുപത്രിയിൽ കഴിഞ്ഞിരുന്ന നാലര വയസുള്ള മകൾക്ക് അസുഖം ബാധിച്ചിരുന്നില്ല. കഴിഞ്ഞ എട്ടിനാണ് ഇവരെയും വൃദ്ധ ദമ്പതികളേയും മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. കോട്ടയം ജില്ലയിലെ ആദ്യ കൊറോണ രോഗികളായിരുന്നു ഇവർ. ഇറ്റലിയിൽ നിന്നെത്തി പിന്നീട് കൊറോണ സ്ഥിരീകരിച്ച റാന്നി സ്വദേശികളുടെ മകളും മരുമകനുമാണ് ഇവർ. റാന്നി സ്വദേശികളിൽ നിന്നാണ് ഇരുവർക്കും രോഗം പകർന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുഴുവൻ വകുപ്പുകളും പൂർണ പിന്തുണയറിയിച്ച് ഒപ്പമുണ്ടായിരുന്നു. രണ്ടു ദിവസം കൂടുമ്പോൾ നടത്തിയിരുന്ന പരിശോധന മൂന്നു ഘട്ടത്തിലും പൊസറ്റീവായിരുന്നു. അവസാനം നടത്തിയ പരിശോധനയിലാണ് നെഗറ്റീവ് ഫലമുണ്ടായത്.
'' എല്ലാവരോടുമുള്ള നന്ദി പറഞ്ഞാൽ തീരില്ല. ഒരു കുടുംബാംഗത്തെ പോലെയാണ് അവർ ഞങ്ങളെ പരിചരിച്ചത്. ഐസുലേഷൻ വാർഡിൽ കഴിയുമ്പോഴും തൊട്ടപ്പുറത്ത് കളിക്കുന്ന പൊന്നോമനയെ നെഞ്ചോട് ചേർക്കാനാവാത്തതിന്റെ വേദനയുണ്ടായിരുന്നു. പ്രാർത്ഥന സഫലമായി'' ഇരുവരും പറഞ്ഞു.