പിതാവിന്റെ വേർപാടിനിടയിലും കൊറോണ പ്രതിരോധ പ്രവർത്തനം
വൈക്കം: മജീഷ് വലിയ മാതൃകയാണ്... പിതാവിന്റെ വിയോഗത്തിനിടയിലും മജീഷ് പിന്മാറിയില്ല. നാടിനായി കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലായിരുന്നു ഈ ചെറുപ്പക്കാരൻ. അഗ്‌നിരക്ഷാസേന വൈക്കം നിലയത്തിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന അപധാമിത്രയിലെ അംഗമാണ് മജീഷ്. അഗ്‌നിരക്ഷാസേനയെ അവശ്യഘട്ടങ്ങളിൽ സഹായിക്കാൻ മുന്നോട്ടുവരുന്ന സന്നദ്ധ പ്രവർത്തകരുടെ ഗ്രൂപ്പാണ് അപധാമിത്ര. ചെമ്മനത്തുകര തെക്കേതറ മജീഷിന്റെ പിതാവ് അഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് മരിച്ചത്. മരണാനന്തര ചടങ്ങുകൾക്കിടയിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഫയർഫോഴ്സിനെ സഹായിക്കാൻ മജീഷ് ഓടിയെത്തുകയായിരുന്നു. എല്ലാ പ്രവർത്തനങ്ങളിലും മജീഷ് മുൻപന്തിയിൽ ഉണ്ടാകുമെന്ന് ഫയർഫോഴ്‌സ് അധികൃതർ പറയുന്നു. തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷൻ, കെ.എസ്.ഇ.ബി ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് തുടങ്ങി 12 ഓളം ഇടങ്ങളിൽ ഇന്നലെ നടന്ന ശുചീകരണ പ്രവർത്തനത്തിലുംമജീഷ് സേനാഅംഗങ്ങൾക്കൊപ്പം പ്രവർത്തിച്ചു.