കോട്ടയം : കൊറോണബാധിതരായ ചെങ്ങളത്തെ ദമ്പതികൾ രോഗം ഭേദമായി വീട്ടിൽ തിരിച്ചത്തിയതിന്റെ സന്തോഷം പ്രകടിപ്പിച്ച് തോപ്പിൽ ഭാസിയുടെ അശ്വമേധം നാടകത്തിലെ 'രോഗം കുറ്റമല്ലെന്ന' ഡയലോഗോട് കൂടിയ അഭയം ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരി വി.എൻ.വാസവന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി.
പോസ്റ്റ് ഇങ്ങനെ
ഇന്ന് ഞാൻ ഏറെ സന്തോഷിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്ന ദിവസമാണ്. കൊറോണ ബാധിതനായ ചെങ്ങളത്തെ യുവാവും അദ്ദേഹത്തിന്റെ ഭാര്യയും രോഗവിമുക്തരായി കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് സ്വഭവനത്തിൽ എത്തി. ഇവർ രോഗബാധിതരാണെന്ന പ്രചരണം വന്നപ്പോൾ അവരെ ഒറ്റപ്പെടുത്താൻ പലരും ശ്രമിക്കുകയും നവമാദ്ധ്യമങ്ങൾ വഴിയും മറ്റും അവരെ ചീത്ത വിളിക്കുകയും ഉണ്ടായി. ഈ സന്ദർഭത്തിൽ രോഗിയായ യുവാവിനെ ഞാൻ ഫോണിൽ വിളിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. തുടർന്ന് ജില്ലാ ആശുപത്രിയിലെ ആംബുലൻസുമായി അവിടെ എത്തി ദമ്പതികളെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ എത്തിച്ചു. ഇതിന്റെ പേരിൽ എന്നെയും കൂടി ഒറ്റപ്പെടുത്താൻ ശ്രമിച്ചവരോട് വിനയപൂർവം അറിയിക്കട്ടെ , ഈ ദമ്പതികൾ രോഗവിമുക്തരായി വീട്ടിലെത്തിയിരിക്കുന്നു. ഇവരുടെ വീടിനു സമീപത്തുള്ള നിരവധി ആളുകൾ നിരീക്ഷണത്തിൽ ആയിരുന്നു. ഇതിൽ ഭൂരിഭാഗം പേരുടെയും രക്ത സാമ്പിളുകളുടെ ഫലം നെഗറ്റീവായിരുന്നു. ഇത് സന്തോഷിക്കാനും അഭിമാനിക്കുവാനും വകയുണ്ട്. ഞാൻ വീണ്ടുംആവർത്തിക്കുന്നു. "രോഗം ഒരുകുറ്റമല്ല." മനുഷ്യൻ മനുഷ്യ സ്നേഹത്തിന് വേണ്ടി യാചിക്കുമ്പോൾ സഹായ ഹസ്തവുമായി ഓടി എത്തുമ്പോഴാണ് മനുഷ്യത്വം ജനിക്കുന്നത്.