കോട്ടയം : ലോക്ക് ഡൗൺ ലംഘിച്ച് റോഡിലിറങ്ങി കറങ്ങുന്നവരെ കണ്ടെത്താൻ ജില്ലയിലും പൊലീസിന്റെ ഡ്രോൺ നിരീക്ഷണം. എല്ലാ സബ് ഡിവിഷനിലും ഇനി ഡ്രോൺ കാമറ ഉപയോഗിച്ചുള്ള നീരീക്ഷണം ഉണ്ടാകും. നാഗമ്പടത്ത് നടന്ന പരിപാടി ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ഉദ്ഘാടനം ചെയ്‌തു. ജില്ലയിലെ 9 കേന്ദ്രങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം ഉണ്ടാകും. ഏഴ് സബ് ഡിവിഷനുകളിലും, കാഞ്ഞിരപ്പള്ളിയിലും പൊൻകുന്നത്തുമാണ് നിരീക്ഷണം നടത്തുക. അനാവശ്യമായി ആളുകൾ കൂടി നിൽക്കുന്നുണ്ടോ എന്നതാവും പ്രധാനമായും നിരീക്ഷിക്കുക. ഇത് കൂടാതെ ഹോം ക്വാറന്റെയിനിൽ കഴിയുന്ന ആളുകളുടെ വീടുകളിലും, ആരാധനാലയങ്ങളിലും , തിരക്കേറിയ സ്ഥലങ്ങളിലും നിരീക്ഷണം നടത്തും. നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ എവിടെയെങ്കിലും വിലക്ക് ലംഘിച്ച് ആളുകൾ ഒത്തുകൂടുന്നതായി കണ്ടെത്തിയാൽ പൊലീസ് കൺട്രോൾ റൂം വാഹനം സ്ഥലത്ത് എത്തി നടപടി സ്വീകരിക്കും. ഡ്രോൺ അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് പൊലീസ് നിരീക്ഷണം നടത്തുന്നത്.

പരിശോധന

കർശനമാക്കും

ജില്ലയിൽ ലോക്ക് ഡൗൺ ലംഘിക്കുന്നത് കണ്ടെത്താൻ പരിശോധന കർശനമാക്കും. യാതൊരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ല. ഇതിന്റെ ഭാഗമായാണ് ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം.

ജി.ജയദേവ് ,ജില്ലാ പൊലീസ് മേധാവി