വെച്ചൂർ വലിയ വെളിച്ചം പാടശേഖരത്ത് നെല്ല് സംഭരണം വൈകുന്നു
വൈക്കം: വെച്ചൂരിൽ കൊയ്‌തെടുത്ത നെല്ല് സംഭരിക്കാനാളില്ലാതെ പാടശേഖരത്തിന്റെ പുറംബണ്ടിൽ കെട്ടിക്കിടക്കുന്നു. വേനൽമഴ പെയ്തിറങ്ങിയാൽ നെല്ല് നശിക്കുമെന്ന അവസ്ഥയായതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലായി. വെച്ചൂർ പഞ്ചായത്തിലെ വലിയ വെളിച്ചം പാടശേഖരത്തിൽ കൊയ്ത്ത് കഴിഞ്ഞിട്ട് 10 ദിവസമായി. നെല്ല് സംഭരണത്തിനായി സർക്കാർ സ്വകാര്യ മില്ലുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരാരും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. നെല്ല് സംഭരിക്കണമെന്ന ആവശ്യവുമായി കർഷകർ വെച്ചൂർ മോഡേൺ റൈസ് മില്ലിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. നെല്ല് മില്ലിലെത്തിച്ചു നൽകാമെന്ന് പറഞ്ഞിട്ടും പരിഗണിച്ചില്ല. പാടശേഖരത്തിന്റെ പുറംബണ്ടിൽ കൂട്ടിയിട്ടിരിക്കുന്ന നെല്ല് മഴ പെയ്താൽ നെല്ല് പൂർണ്ണമായി നശിക്കും. 102 ഏക്കർ വരുന്ന പാടശേഖരത്തിൽ 75 കർഷകരാണുള്ളത്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ കർഷകർക്ക് നെല്ലിന് കാവലിരിക്കാനും കഴിയാത്ത സ്ഥിതിയുണ്ട്. അതേസമയം നെല്ല് സംഭരിക്കുന്നതിന് എം.എൽ.എ ഉൾപ്പെടെയുള്ളവർ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് വലിയ വെളിച്ചം പാടശേഖര സമിതി പ്രസിഡന്റ് സി.എസ്.രാജു, സെക്രട്ടറി കെ.വി.വിശ്വനാഥൻ എന്നിവർ ആവശ്യപ്പെട്ടു.
കർഷകരോട് അവഗണന
പൊതുമേഖലാ സ്ഥാപനമായ വെച്ചൂർ മോഡേൺ റൈസ് മില്ലിന് ഏറ്റവും സമീപമുള്ള പാടശേഖരമാണ് വലിയ വെളിച്ചം. സ്വകാര്യ മില്ലുകളുടെ ചൂഷണത്തിൽ നിന്ന് നെൽകർഷകരെ രക്ഷിക്കുമെന്നും പാടവരമ്പത്ത് ചെന്ന് നെല്ലെടുക്കുമെന്നുമൊക്കെ പറഞ്ഞായിരുന്നു മോഡേൺ റൈസ് മിൽ വെച്ചൂരിൽ ആരംഭിച്ചത്. നെല്ലെടുക്കാൻ വരമ്പത്ത് ചെന്നില്ലെന്ന് മാത്രമല്ല, കർഷകരെ കണ്ടാലറിയാത്ത നിലപാടായിരുന്നു പിന്നീട് മോഡേൺ റൈസ് മില്ലിന്റേത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് മില്ല് ആരംഭിച്ചത്. ഓയിൽപാം ഇന്ത്യക്കായിരുന്നു നടത്തിപ്പ് ചുമതല. ഓയിൽ പാം ഇന്ത്യയുടെ അന്നത്തെ ചെയർമാൻ അഡ്വ.വി.ബി.ബിനുവിന്റെ നേതൃത്വത്തിൽ ആദ്യ കാലത്ത് മോഡേൺ റൈസ് മില്ല് കർഷകർക്കൊപ്പം നിന്നു. പിന്നീട് ഭരണവും നേതൃത്വവും മാറിയപ്പോൾ മോഡേൺ റൈസ് മിൽ തങ്ങളെ അവഗണിക്കുകയായിരുന്നുവെന്ന് കർഷകർ ആരോപിക്കുന്നു. മുന്പ് ഇടതുകർഷക സംഘടനകൾ റൈസ് മില്ലിന്റെ കർഷക വിരുദ്ധ നിലപാടിനെതിരെ നിരവധി സമരങ്ങൾ നടത്തിയിരുന്നു. വീണ്ടും എൽ.ഡി.എഫ് അധികാരത്തിൽ വന്നിട്ടും മില്ലിന്റെ പ്രവർത്തന രീതിയിൽ മാറ്റമൊന്നും വന്നില്ല. സമരക്കാരെ ആരെയും ഇപ്പോൾ കാണാനുമില്ല.