monkey-food

അടിമാലി: പൊതുജന പങ്കാളിത്തത്തോടെ നേര്യമംഗലം വനമേഖലയിലെ വാനരൻമാർക്ക് ഭക്ഷണം എത്തിച്ച് നൽകി അടിമാലി ഗ്രാമപഞ്ചായത്ത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി അടിമാലി ടൗൺ ഹാളിൽ പ്രവർത്തിച്ച് വരുന്ന സാമൂഹ്യ അടുക്കള ഏറെ സജീവമാണ്.ഇതിനൊപ്പമാണ് മനുഷ്യരെപ്പോലെ മൃഗങ്ങൾക്കും വിശപ്പുണ്ടെന്ന് തിരിച്ചറിവിൽ നിന്നും പൊതുജനപങ്കാളിത്തത്തോടെ പഴവർഗ്ഗങ്ങളും മറ്റ് ഭക്ഷണ സാധനങ്ങളും ശേഖരിച്ച് നേര്യമംഗലം വനമേഖലയിലെ വാനരൻമാർക്ക് നൽകിയത്.കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലൂടെ എത്തുന്ന സഞ്ചാരികൾ വച്ച് നീട്ടുന്ന ഭക്ഷണ സാധനങ്ങളായിരുന്നു നേര്യമംഗലം വനമേഖലയിലെ വാനരൻമാരുടെ പ്രധാന ഭക്ഷണം.എന്നാൽ സഞ്ചാരികളുടെ വരവ് കുറയുകയും വഴിയോരകച്ചവടക്കാർ കച്ചവടം അവസാനിപ്പിക്കുകയും ചെയ്തതോടെ വാനരൻമാർ പട്ടിണിയിലായി.വനമേഖല വരണ്ടുണങ്ങി കിടക്കുന്നതിനാൽ കാര്യമായ ഭക്ഷണ സാധനങ്ങൾ വാനരപ്പടക്ക് ലഭിച്ചിരുന്നില്ല.ചീയപ്പാറവെള്ളച്ചാട്ടമുൾപ്പെടെ വറ്റിയതോടെ ദാഹമകറ്റാനും ഈ മിണ്ടാപ്രാണികൾക്ക് തരമില്ലാതായി.ഭക്ഷണവുമായി ആരെങ്കിലും എത്തുന്നുണ്ടോയെന്ന വാനരൻമാരുടെ ദൈന്യത നിറഞ്ഞ നോട്ടം പഞ്ചായത്തധികൃതരുടെ ശ്രദ്ധയിൽ പതിഞ്ഞിരുന്നു.ഇതേ തുടർന്നാണ് പൊതുജനങ്ങളിൽ നിന്നും ശേഖരിച്ച ഭക്ഷ്യ വസ്തുക്കൾ പാതയോരത്ത് അന്നം കാത്തിരുന്ന വാനരൻമാർക്കരികിലേക്ക് എത്തിച്ചത് .പഞ്ചായത്തധികൃതർ എത്തിച്ച പഴവർഗ്ഗങ്ങൾ കൈക്കലാക്കാൻ വനമേഖലയിലെ കുട്ടികുരങ്ങൻമാർ വരെ ഓടിവരുന്നുണ്ടായിരുന്നു.