രാമപുരം: മകന്റെ ഓർമ്മ ദിവസം ദുരിതബാധിതർക്ക് സഹായം എത്തിച്ച് മാതൃകയാവുകയാണ് രാമപുരം കൊണ്ടാട് സ്വദേശിയായ വരമ്പേൽ ഗോപിനാഥൻ. 17 വർഷം മുൻപ് മരിച്ച മകന്റെ ഓർമ്മ ദിവസം നൂറ് പാവപ്പെട്ട കുടുംബങ്ങൾക്കാണ് ഗോപിനാഥൻ അരി കിറ്റ് വിതരണം ചെയ്തത്. രാമപുരം പഞ്ചായത്തിലെ കൊണ്ടാട് പാലവേലി വാർഡുകളിലെ ആളുകൾക്കാണ് കിറ്റുകൾ എത്തിച്ചത്. 2003 ൽ പാലായ്ക്ക് സമീപം നടന്ന ഒരു വാഹനാപകടത്തിലാണ് ഗോപിനാഥന്റെ മകൻ പ്രസൽ ജി. വരമ്പേൽ മരിച്ചത്. പ്രസൽ ജി. വരമ്പേൽ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കിറ്റുകളുടെ വിതരണത്തിന് മുൻ പഞ്ചായത്തംഗം എം.പി. കൃഷ്ണൻ നായർ, ശാരദാ മണി, മോളി ദേവസ്യ, കെ.വി. രാമചന്ദ്രൻ, ബിജു കണ്ടത്തിൻകര എന്നിവർ നേതൃത്വം നൽകി. പ്രസലിന്റെ സഹോദരൻ വിദേശത്ത് ജോലിചെയ്യുന്ന പ്രശാന്താണ് കിറ്റുകൾ വിതരണം ചെയ്യുവാൻ ആവശ്യമായ തുക പിതാവ് ഗോപിനാഥന് നൽകിയത്.