പാലാ :ജനറൽ ആശുപത്രിയിൽ കൊറോണ ഐസൊലേഷൻ വാർഡ് സജ്ജീകരിക്കാനുള്ള കെട്ടിടം ശുചീകരിച്ച് ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ. നിർമാണം പൂർത്തിയാക്കിയ പുതിയ ഒ.പി ബ്ലോക്കിലാണ് ആരോഗ്യവകുപ്പ് കോവിഡ് ഐസലേഷൻ വാർഡ് സജ്ജമാക്കുന്നത്. ഏഴ് നില ബ്ലോക്കിലെ താഴത്തെ നില ഉൾപ്പെടെ മൂന്ന് നിലകൾ ഡി.വൈ.എഫ്‌.ഐ പാലാ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ ഏഴ് മണിക്കൂർ നേരംകൊണ്ടാണ് ശുചീകരിച്ചത്. ജല അതോറിറ്റിയുടെ സഹായത്തോടെ വെള്ളം എത്തിച്ച് പവർ വാഷ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു ശുചീകരണം. തുടർന്ന് കട്ടിലുകളും ക്രമീകരിച്ചു. ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ ജിൻസ് ദേവസ്യ, ടി ഒ അനൂപ്, മേഖലാ സെക്രട്ടറി രഞ്ജിത്ത് സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ശുചീകരണം. പ്രവർത്തകർക്ക് ആവേശം പകർന്ന് മാണി സി കാപ്പൻ എം.എൽ.എയും സ്ഥലത്തെത്തിയിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ്, ഏരിയാ സെക്രട്ടറി പി എം ജോസഫ്, ഏരിയാ കമ്മിറ്റിയംഗം 'ജോയി കുഴിപ്പാല, ലോക്കൽ സെക്രട്ടറി എ.എസ് ജയപ്രകാശ് എന്നിവരും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.