പാലാ: കിടങ്ങൂർ, കട്ടച്ചിറ, കൂടല്ലൂർ, കടപ്പൂർ, ഏറ്റുമാനൂർ മേഖലകളിലെ ഏക്കറുകണക്കിന് പാടശേഖരങ്ങളിലെ വിളവെടുപ്പിന് കൊയ്ത്ത് യന്ത്രങ്ങൾ ലഭിക്കാത്തത് നെൽകർഷകരെ പ്രതിസന്ധിയിലാക്കുന്നു. 300 ഏക്കറിലധികം നെൽകൃഷിയാണ് ഈ മേഖലകളിലുള്ളത്. ഇടയ്ക്കിടെ കനത്തമഴ പെയ്യുന്നതും ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ വേനൽമഴ കടുക്കാൻ സാദ്ധ്യതയുള്ളതിനാലും കർഷകർ വലിയ ആശങ്കയിലാണ്. രണ്ട് കൊയ്ത്ത് യന്ത്രങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പാടശേഖരം മുഴുവനായി കൊയ്ത് തീർക്കാൻ സാധിക്കൂവെന്ന് കർഷകർ പറയുന്നു.
വിളഞ്ഞ് പാകമായ നെല്ല് സുരക്ഷിതമായി എങ്ങനെ സംഭരിക്കുമെന്നറിയാതെ ഉഴലുകയാണ് കർഷകർ. കൃഷി വകുപ്പ് അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിജോ ജോസഫിന്റെ നേതൃത്വത്തിൽ കർഷകർ അധികൃതരെ സമീപിച്ചിട്ടുണ്ട്. എത്രയും വേഗം കൊയ്ത്ത് യന്ത്രങ്ങൾ ലഭ്യമാക്കി തങ്ങളുടെ ദുരിതം ഇല്ലാതാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കൊയ്യാൻ പാകമായി കിടക്കുന്നത്
കിടങ്ങൂർ പഞ്ചായത്തിൽ -- 120 ഏക്കർ
ഏറ്റുമാനൂർ നഗരസഭയിൽ -- 80 ഏക്കർ
കാണക്കാരി പഞ്ചായത്തിൽ -- 110 ഏക്കർ