പാലാ : അരനൂറ്റാണ്ട് നീണ്ട ദാമ്പത്യത്തിനൊടുവിൽ പ്രിയതമയെ അവസാനമായി ഒരു നോക്ക് കാണാനാവാതെ രവീന്ദ്രൻ നായർ എന്ന രവി പാലാ.
കൊറോണയെ പ്രതിരോധിക്കാൻ സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങളാണ് രവീന്ദ്രൻ നായർക്ക് പ്രതികൂലസാഹചര്യമൊരുക്കിയത്.
പാലായിലെ മുൻ മുനിസിപ്പൽ കമ്മീഷണറും പാലാ സഹൃദയസമിതി അദ്ധ്യക്ഷനും പൊതുപ്രവർത്തകനുമാണ് ചെത്തിമറ്റം പുളിയ്ക്കൽ പി.ആർ. രവീന്ദ്രൻ നായർ. ഇദ്ദേഹത്തിന്റെ ഭാര്യ എം.എം. വിജയകുമാരി (78) പ്രായാധിക്യത്താൽ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. കോഴിക്കോട് കോർപ്പറേഷനിലെയും പാലാ മുനിസിപ്പാലിറ്റിയിലെയും റിട്ട. സൂപ്രണ്ടായിരുന്നു. ഒരു വർഷത്തോളമായി ചികിത്സയിലായിരുന്ന വിജയകുമാരി തിരുവനന്തപുരത്ത് മകളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. പൗരബോധം വിലക്കിയതോടെ അന്ത്യകർമ്മങ്ങൾക്കായി മൂത്ത മകൻ വിജിയെ മാത്രം തിരുവനന്തപുരത്തേയ്ക്ക് അയച്ച് രവീന്ദ്രൻ നായരും ഇളയ മകൻ സജിയും പ്രാർത്ഥനയോടെ പാലായിലെ വീട്ടിൽ തന്നെ കഴിഞ്ഞു. കൊറോണരോഗ വൈറസിന്റെ വ്യാപനം തടയുന്നതിന് സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സമയമായതിനാൽ വാഹനങ്ങളിൽ രണ്ടുപേർക്ക് മാത്രമാണ് സഞ്ചരിക്കാൻ അനുമതി ലഭിക്കുക. നിയമം എല്ലാവർക്കും ബാധകമാണ്. മരണം പ്രകൃതി നിയമമാണെന്ന് ആശ്വസിച്ച് സമൂഹ നന്മയ്ക്കായി നിയമം അനുസരിക്കാൻ താനും മകനും തീരുമാനിക്കുകയായിരുന്നുവെന്ന് രവീന്ദ്രൻ നായർ പറഞ്ഞു. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന സംസ്ക്കാരചടങ്ങിൽ മകൾ റെജി, മൂത്ത മകൻ വിജി എന്നിവരടക്കം പത്തിൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുത്തത്. ഭാര്യയുടെ അടുത്തു നിന്ന് ഒരാഴ്ച മുമ്പാണ് രവീന്ദ്രൻ നായർ വന്നത്. ഇനി കൂട്ടിന് ആ ഓർമ്മ മതി എന്ന് ആശ്വസിക്കുകയാണ് രവീന്ദ്രൻ നായർ. വിജയകുമാരിയുടെ നിര്യാണത്തിൽ ജോസ്.കെ.മാണി എം.പി, മാണി.സി.കാപ്പൻ എം.എൽ.എ, പാലാ നഗരസഭാധികാരികളായ മേരി ഡൊമിനിക്, കുര്യാക്കോസ് പടവൻ, സഹൃദയ സമിതി കാര്യദർശി രവി പുലിയന്നൂർ തുടങ്ങിയവർ അനുശോചിച്ചു.