കോട്ടയം : കൊറോണക്കാലത്ത് ചെറിയ ആവശ്യങ്ങൾക്ക് പോലും വണ്ടിയുമെടുത്ത് കിലോമീറ്ററുകളോളം ദൂരം കറങ്ങാനിറങ്ങുന്നവർക്ക് പൊലീസിന്റെ ക്ലാസ്. കേസെടുത്തിട്ടും അടികൊടുത്തിട്ടും അടങ്ങാത്തവരെയാണ് പൊലീസ് ക്ലാസിനിരുത്തി നന്നാക്കാൻ ശ്രമിക്കുന്നത്. ഇന്നലെ രാവിലെ കോട്ടയം നഗരത്തിലെ പൊലീസ് പരിശോധനയ്‌ക്കിടെ കണ്ട കാഴ്‌ചകൾ ഇങ്ങനെ!

നമ്പ‌ർ പ്ലേറ്റില്ലാതെ കുടുങ്ങി..!

ലോക്ക് ഡൗൺ നിലനിൽക്കെ നമ്പർ പ്ലേറ്റില്ലാതെ ആഡംബര ബൈക്കിൽ നഗരത്തിലിറങ്ങിയ യുവാവ് കുടുങ്ങി! വീട്ടിലെ നായ്‌ക്ക് ഇറച്ചി വാങ്ങാനിറങ്ങിയ നഗരപരിധിയിൽ താമസിക്കുന്ന യുവാവാണ് പൊലീസിന്റെ മുന്നിൽ പെട്ടത്. ലൈസൻസും, സത്യവാങ്മൂലവുമില്ലാതെയായിരുന്നു ഇയാളുടെ കറക്കം. രാവിലെ 11.30 ഓടെ തിരുനക്കര മൈതാനത്തിനു സമീപത്തെ പൊലീസിന്റെ പരിശോധന സ്ഥലത്ത് ആ‌ർ.വൺ ഫൈവ് ബൈക്കിൽ ഇയാൾ എത്തിയത്. പൊലീസ് കൈ കാട്ടിയതോടെ ബൈക്ക് നിറുത്തി. നമ്പർ പ്ളേറ്റ് ഉണ്ടായിരുന്നില്ല. കാരണം ചോദിച്ചപ്പോൾ കൃത്യമായി പറയാനും ഇല്ല. പിന്നെ ചോദ്യം സത്യവാങ് മൂലത്തിനായി. അതുമില്ല. ഒടുവിൽ പൊലീസിനായി തയ്യാറാക്കിയ താത്കാലിക പന്തലിലെ കസേരയിൽ യുവാവിനെ ഇരുത്തി! പതിനഞ്ചു മിനിറ്റെങ്കിലും എടുത്ത് മലയാളത്തിൽ കഷ്ട്ടപ്പെട്ട് സത്യവാങ് മൂലം എഴുതിയ ശേഷമാണ് ഇയാളെ വിട്ടയച്ചത്.

പത്തുവയസുകാരനുമായി കറക്കം

ഓട്ടിസം ബാധിച്ച ഇളയ മകന് മരുന്നു വാങ്ങാനായാണ് പത്തുവയസുകാരനായ മകനുമായി തിരുവാതുക്കൽ സ്വദേശി നഗരത്തിലെത്തിയത്. വന്നു പെട്ടതോ പൊലീസിന്റെ മുന്നിൽ. എന്തിനാണ് കുട്ടിയെയുമായി നഗരത്തിലേയ്‌ക്ക് ഇറങ്ങിയതെന്നായി പൊലീസുകാരുടെ ചോദ്യം. കൃത്യമായ മറുപടിയില്ലാതെ വട്ടം കറങ്ങി പിതാവ്. ഇതോടെ പൊലീസിന്റെ വക ഉപദേശവും എത്തി. കുട്ടികളെയുമായി കറങ്ങാൻ ഇറങ്ങിയാൽ കർശന നടപടിയുണ്ടാകുമെന്ന താക്കീതും നൽകി. സത്യവാങ് മൂലം ഉണ്ടായിരുന്നില്ല.

നിർദേശം പാലിക്കാത്തവർ ഏറെ

റോഡിൽ ഇറങ്ങുന്നതിനെതിരെ കേസെടുത്തിട്ടും നിർദ്ദേശം പാലിക്കാത്തവർ ഏറെയുണ്ട്. ഇവർക്കെതിരെ ഇനിയും കർശന നടപടികൾ തുടരേണ്ടി വരും.

എം.ജെ അരുൺ,വെസ്റ്റ് സി.ഐ