ചങ്ങനാശേരി : ലോക്ക് ഡൗൺ പ്രഖ്യാപനം കാറ്റിൽപ്പറത്തി പായിപ്പാട് അതിഥി തൊഴിലാളികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് ജില്ലാ ഭരണകൂടത്തെ വെട്ടിലാക്കി. രാവിലെ 11 ഓടെ നൂറോളം വരുന്ന തൊഴിലാളികളാണ് സംഘടിച്ചത്. നിമിഷങ്ങൾക്കുള്ളിൽ പൊലീസിനും നിയന്ത്രിക്കാനാകാത്ത വലിയൊരു കൂട്ടമായത് ആശങ്ക സൃഷ്ടിച്ചു. വിവരമറിഞ്ഞ് തൃക്കൊടിത്താനം സി.ഐ സാജു വർഗീസിന്റെ നേതൃത്വത്തിൽ പൊലീസെത്തി തൊഴിലാളികളെ പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഡിവൈ.എസ്.പി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. മൈക്കിലൂടെ ഹിന്ദി, ബംഗാളി, അസം ഭാഷയിലൂടെ പ്രതിഷേധക്കാരോട് സംസാരിച്ചു. തഹസിൽദാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും മറ്റു ജനപ്രതിനിധികളും വിവിധ സംഘടന നേതാക്കളും സംസാരിച്ചെങ്കിലും സ്ഥിതി കൂടുതൽ വഷളായി. തുടർന്ന് ജില്ലാ കളക്ടർ പി.കെ സുധീർബാബു, കോട്ടയം എസ്.പി ജി.ജയദേവ് , പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹ്, എം.എൽ.എ മാത്യു ടി തോമസ് തുടങ്ങിയവരും സ്ഥലത്തെത്തി പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യാറായില്ല. റോഡിൽ കുത്തിയിരിക്കാൻ ശ്രമിച്ചതോടെ തഹസിൽദാർ ജിനു പുന്നൂസ് കാര്യങ്ങൾ ഇവരെ പറഞ്ഞു ബോധ്യപ്പെടുത്തി.
നാട്ടിലേക്ക് പോകുന്നതിനുള്ള ക്രമീകരണം നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്നും കമ്മ്യൂണിറ്റി കിച്ചണുകളിൽ തയ്യാറാക്കുന്ന ഭക്ഷണം വേണ്ടാത്തവർക്ക് സ്വയം ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അവശ്യ സാധനങ്ങൾ എത്തിച്ച് നൽകുമെന്നും ഉറപ്പ് നൽകി. ഇതിനിടയിൽ കൂകി വിളികളും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുന്നതിലേക്കും കാര്യങ്ങൾ കടന്നതോടെ പൊലീസ് ബലം പ്രയോഗിച്ചു. ഇതിനിടയിൽ ചാഞ്ഞോടി ഭാഗത്തേക്ക് നീങ്ങിയ 100 ഓളം വരുന്ന തൊഴിലാളികൾ പൊലീസിന് നേരെ തട്ടിക്കയറിതോടെ ലാത്തിവീശി.
തുടർന്ന് മന്ത്രി പി.തിലോത്തമൻ പായിപ്പാട്ടെത്തി മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ചങ്ങനാശേരി ടി.ബിയിൽ മന്ത്രിയുടെ നേതൃത്വത്തിൽ യോഗവും ചേർന്നു. വരും ദിവസങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ തീരുമാനിക്കുന്നതിനും തൊഴിലാളികളെ താമസിപ്പിച്ചിരിപ്പിക്കുന്ന കെട്ടിടം ഉടമകളുമായി സംസാരിക്കുന്നതിനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മധ്യമേഖല ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാർ, കോട്ടയം കളക്ടർ പി.കെ സുധീർ ബാബു, പത്തനംതിട്ട കളക്ടർ പി.ബി നൂഹ്, സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ഡെപ്യൂട്ടി കളക്ടർ ജെസ്സി ജോൺ, എ.ഡി.എം അനിൽകുമാർ, ആർ.ഡി.ഒ ജോളി ജോസഫ്, തഹസിൽദാർ ജിനു പുന്നൂസ്, ജില്ലാ ലേബർ ഓഫീസർ വിനോദ്, ഡിവൈ.എസ്.പി എസ്.സുരേഷ് കുമാർ, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ബിനു എന്നിവർ പങ്കെടുത്തു.
എസ്.പിക്ക് അന്വേഷണ ചുമതല
അതിഥി തൊഴിലാളികളുടെ അപ്രതീക്ഷിത സംഘം ചേരലിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിയെ യോഗം ചുമതലപ്പെടുത്തി.
പട്ടിണി കിടക്കേണ്ടി വരില്ല : മന്ത്രി തിലോത്തമൻ
അതിഥി തൊഴിലാളികളുടെ പ്രധാന ആവശ്യം നാട്ടിൽ പോകണമെന്നതാണ്. എന്നാൽ രാജ്യവ്യാപകമായി ലോക്ക് ഡൗൺ നിലനില്ക്കുന്നതിനാൽ അതിന് സാധിക്കില്ല. തൊഴിലാളികൾ ആവശ്യപ്പെട്ടതിനുസരിച്ച് അവർക്കാവശ്യമുള്ള ഭക്ഷണസാധനങ്ങൾ ക്യാമ്പുകളിൽ എത്തിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ക്യാമ്പുകളിലേക്ക് അയച്ചിട്ടുണ്ട്. കോട്ടേജ് ഉടമകളുടെ സംരക്ഷണയിലാണ് തൊഴിലാളികൾ ഇവിടെയെത്തിയത്. ശനിയാഴ്ച കോട്ടേജ് ഉടമകളുമായി തഹസിൽദാരുടെയും ലേബർ ഓഫീസറുടെയും സാന്നിദ്ധ്യത്തിൽ യോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടേജ് ഉടമകൾ ചെയ്യേണ്ട കാര്യങ്ങളിൽ തീരുമാനമെടുത്തിരുന്നു. ഈ തീരുമാനത്തിൽ എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടോയെന്ന് ഇന്ന് വൈകിട്ട് കൂടുന്ന യോഗത്തിൽ പരിശോധിക്കും. അതിഥികളായി എത്തിയ തൊഴിലാളികളെ സംരക്ഷിക്കുക എന്നത് ഗവൺമെന്റിന്റെ ഉത്തരവാദിത്തമാണ്. അവരുടെ ആവശ്യങ്ങളിൽ ഒരു കുറവ് വരുത്തില്ലെന്നും പട്ടിണികിടക്കേണ്ടി വരികയില്ലെന്നും മന്ത്രി പറഞ്ഞു.