കോട്ടയം: ചങ്ങനാശേരി പായിപ്പാട് ശാന്തം. കൂടുതൽ പൊലീസിനെ നിയോഗിച്ചു. നാട്ടിലേക്ക് പോവണമെന്നാവശ്യപ്പെട്ട് 2,000 ഓളം തൊഴിലാളികൾ ഇന്നലെ രാവിലെ തെരുവിലിറങ്ങിയിരുന്നു.

ഇവർ സംഘടിച്ച് തെരുവിലിറങ്ങിയതിനു പിന്നിൽ ചില ശക്തികൾ പ്രവർത്തിച്ചിരുന്നതായി ഇന്നലെ തന്നെ ജില്ലാ കളക്ടർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇക്കൂട്ടരെ കണ്ടെത്താൻ ഡിവൈ.എസ്.പി എസ്.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നൂറോളം അന്യസംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ ഇന്നലെ തന്നെ പൊലീസ് പരിശോധിച്ചിരുന്നു. എന്നാൽ കാര്യമായി ഒന്നുംതന്നെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

പായിപ്പാട് നടന്ന പ്രതിഷേധത്തിൽ പത്തനംതിട്ട ജില്ലയിലെ ചില ഭാഗങ്ങളിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളും പങ്കെടുത്തിരുന്നു. യാത്രാ സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടും അവർ എത്തിയത് ചില ശക്തികളുടെ പ്രേരണയാലാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതേക്കുറിച്ചും അന്വേഷണം നടന്നുവരികയാണ്. അന്യസംസ്ഥാനക്കാരെ നാടുകടത്താൻ പായിപ്പാട്ട് ഇവർക്ക് വീടുനല്കിയിരുന്ന ചിലർ ശ്രമിച്ചിരുന്നതായും സൂചനയുണ്ട്.

ഇന്നലെ തന്നെ അന്യസംസ്ഥാന തൊഴിലാളികൾക്ക് അരിയും മറ്റ് സാധനങ്ങളും എത്തിച്ചുകൊടുത്തിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എത്തി കുടിവെളളം ഉണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്തു.

ഇന്ന് വൈകുന്നേരം മന്ത്രി തിലോത്തമന്റെ അദ്ധ്യക്ഷതയിൽ യോഗം ചേരും. ജില്ലാ കളക്ടർ സുധീർ ബാബു, ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് എന്നിവർ പങ്കെടുക്കും.