കോട്ടയം: മദ്യം ലഭിക്കാതിരുന്നതിനെ തുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ച് മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തും. വൈക്കം കുടവെച്ചൂർ സ്വദേശി നിലശേരി വീട്ടിൽ പ്രമോദ് (48) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് ഉച്ചയോടെ പോസ്റ്റുമോർട്ടം നടത്തും. തുടർന്ന് ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുക്കും.
മാതാപിതാക്കളുടെ മരണത്തോടെ ഒറ്റപ്പെട്ടുപോയ ഇയാൾ തനിച്ചാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇയാൾ സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ലോക്ക് ഡൗണിനെ തുടർന്ന് മദ്യം ലഭിക്കാതായതോടെ ഇയാൾ ഏറെ മാനസിക സംഘർഷത്തിലായിരുന്നുവെന്ന് പറയുന്നു.
ഇന്നലെ രാവിലെ ഏറെ ക്ഷീണിതനായി കണ്ട ഇയാളെ നാട്ടുകാരും ആരോഗ്യ പ്രവർത്തകരും ചേർന്നാണ് ഇടയാഴം ഹെൽത്ത് സെന്ററിൽ എത്തിച്ചത്. അവിടെനിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് മരണം സംഭവിച്ചത്.