കോട്ടയം: ഇക്കുറി ഈസ്റ്ററിന് തീൻമേശകളിൽ മാംസാഹാരങ്ങൾ കുറയും. ചിക്കൻ ക്ഷാമമാണ് പ്രധാനം. കാലികളാവട്ടെ, കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും എത്തുന്നുമില്ല. കോവിഡ്-19 ഭീതി പരന്നതോടെ തമിഴ്നാട്ടിൽ ഇപ്പോൾ ചന്തകൾ പ്രവർത്തിക്കുന്നില്ല. അതിനാൽ കേരളത്തിലെ കച്ചവടക്കാർക്ക് കാലികളെ വാങ്ങാൻ സാധിക്കുന്നില്ല. കുറച്ച് കാലികളെ കച്ചവടക്കാർ നേരത്തെതന്നെ തമിഴ്നാട്ടിൽ വാങ്ങി നിറുത്തിയിട്ടുണ്ട്. സർക്കാർ അനുമതി ലഭിച്ചാൽ മാത്രമേ അവയെ കേരളത്തിലെത്തിക്കാനാവൂ.
കാലികളെ കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാർക്ക് മീറ്റ് ഇൻഡസ്ട്രീസ് വെൽഫയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.എ സലിം നിവേദനം നല്കിയിട്ടുണ്ട്. ഒരു മാസം ഒന്നര ലക്ഷം കാലികളാണ് 18 ചെക്ക് പോസ്റ്റുകളിലൂടെ അതിർത്തി കടന്ന് കേരളത്തിലെത്തുന്നത്. ഇതിൽ പത്തു ശതമാനം വളർത്താനായാണ് കൊണ്ടുവരുന്നത്.
ഇപ്പോൾ പോത്ത്, കാള മാംസത്തിന് കിലോയ്ക്ക് 370 രൂപയാണ് വില. പന്നിക്കാവട്ടെ, കിലോയ്ക്ക് 280 രൂപയാണ് ഇന്നത്തെ കോട്ടയത്തെ വില.
പക്ഷിപ്പനി ബാധിച്ചതോടെ കോഴിവില 120 ൽ നിന്നും 30 രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു. തമിഴ്നാട്ടിലെ നാമക്കൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കോഴിഫാമുകൾ അടഞ്ഞതോടെ ഒരു ലോഡ് പോലും കേരളത്തിലെത്തുന്നില്ല. ഇതോടെ കോഴിവില കൂടി 105 രൂപയിലെത്തി. ഇത് കേരളത്തിലുള്ള കോഴികർഷകർക്ക് ആശ്വാസമായി. എന്നാൽ കോഴിത്തീറ്റ ലഭ്യമാകാതായതോടെ വളർച്ചയെത്തുംമുമ്പേ കോഴികളെ വിറ്റഴിക്കാൻ കർഷകർ നിർബന്ധിതമായി.
കുട്ടനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ താറാവുകളില്ല. പക്ഷിപ്പനി ബാധിച്ചതോടെ ഒട്ടുമിക്കതിനെയും കർഷകർ തന്നെ കൊന്നുതള്ളി. ഇതോടെ മുട്ടയും കിട്ടാതായി.