കോട്ടയം: നിലവിലെ ലോക്ക് ഔട്ട് ഏപ്രിൽ 14 വരെയാണ്. എന്നുവച്ചാൽ 13 അർദ്ധരാത്രി വരെയാണോ, അതോ 14 അർദ്ധരാത്രി വരെയാണോ എന്ന് ചിലർക്കൊന്നും സംശയം തീരുന്നില്ല. ഇത്രയ്‌ക്ക് സംശയിക്കാൻ കാരണമുണ്ട്- 14 മേടപ്പിറവിയാണ്. മലയാളി സർവസമൃദ്ധിയും കണികണ്ടുണരേണ്ട വിഷുദിനം. 14 രാത്രി വരെ ലോക്ക് ഔട്ട് നീളുമ്പോൾ ഈ വിഷു കൊറോണ കൊണ്ടുപോയെന്നു വിചാരിച്ചാൽ മതി! ഈസ്റ്റർ ആകട്ടെ, അതിനും ഒരു നാൾ മുമ്പേ കടന്നുപോകും. കൊറോണപ്പേടിയിൽ സകലതും സ്തംഭിക്കുമ്പോൾ വിഷവും ഈസ്റ്ററുമൊക്കെ സാധാരണ ദിവസം പോലെ മാത്രം!
കണിയും കൈനീട്ടവുമില്ല. വിത്തും കൈക്കോട്ടും പാടുന്ന വിഷുപ്പക്ഷിക്ക് കാതാർക്കുന്നുമില്ല. കൊറോണയുടെ ആശങ്കയ്ക്കിടയിലും കാലം തെറ്റി പൂത്ത കണിക്കൊന്നകളുടെ മഞ്ഞവെട്ടമാണ് ചുറ്റുമുള്ള ഏക നല്ല കാഴ്ച. വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ കഴിയുന്നവരുടെ ആഘോഷ മനസിനും ലോക്ക് വീണു.
ദിവസങ്ങളായി ജോലിക്കു പോകാതെ കഷ്ടിച്ച് അടുപ്പു പുകയ്ക്കുന്നവർക്ക് ഇനിയൊരു വിഷുവിനെപ്പറ്റി ചിന്തയില്ല. കണിയൊരുക്കാൻ വെള്ളരിയും പച്ചക്കറിയും വാങ്ങാനാവില്ല. വ്യവസായവും കച്ചവടവും ജോലിയും ഒക്കെ നിലച്ചപ്പോൾ കൈനീട്ടമേകാൻ നാണയത്തുട്ടുമില്ല. ഒരു പക്ഷേ, കൃഷ്ണ വിഗ്രഹത്തിൽ കോടിമാത്രം ചാർത്തി കണികാണേണ്ട ഗതികേട്. കാർഷിക വർഷത്തിനു കൂടി തുടക്കമാകുമ്പോൾ വിത്തെടുത്തു ഭക്ഷിക്കേണ്ട ദുരവസ്ഥ. ലോക്ക് ഡൗൺ പ്രമാണിച്ച് കരുതിവച്ചതൊക്കെ തീർന്നുകൊണ്ടിരിക്കുന്നു. സർക്കാർ പ്രഖ്യാപിച്ചതു പോലെ അരിയും ഗോതമ്പും ഉടനെത്തും. വാങ്ങുന്ന പാലിന്റെ അളവ് കുറച്ചു. കിട്ടുന്ന പാല് ക്ഷീരകർഷകർ തൈരും നെയ്യുമാക്കുന്നു.
ഈസ്റ്ററില്ലെങ്കിലും നോമ്പുണ്ട്
ഈ വറുതിയിൽ ചിലർക്കെങ്കിലും നോമ്പുകാലം ആശ്വാസമാണ്. പാലും മോരും ഇറച്ചിയും മീനുമൊക്കെ തീൻമേശയിൽ നിന്ന് നോമ്പിന്റെ ഭാഗമായി നേരത്തെ തന്നെ വിശ്വാസികൾ.ഒഴിവാക്കിയിരുന്നു. കൊറോണയ്ക്ക് മുമ്പുവരെ ചിറകൊടിഞ്ഞു കിടന്ന ചിക്കൻ വിപണി ഇപ്പോഴെ മാനത്തെത്തി. ഇറച്ചി വിപണിയിലും വിലകയറുമെന്നതിനാൽ ഈസ്റ്റർ ആഘോഷത്തെപ്പറ്റി ചിന്തിക്കാൻ പോലുമാവില്ല. കൂട്ടംകൂടാനാവത്തതിനാൽ പള്ളിയിൽ പോയുള്ള പ്രാർത്ഥനയില്ല. ഈസ്റ്ററിനും പള്ളിയിലേക്കില്ല. വിദേശത്തുള്ള ബന്ധുക്കളൊന്നും ഈസ്റ്ററിനെത്തില്ല. കൊറോണ മാറി എല്ലാം സാധാരണ രീതിയിലാകണമെന്ന പ്രാർത്ഥന മാത്രമാണ് എല്ലാവർക്കും!