കോട്ടയം: മൂന്നാഴ്ചയോളമായി 'വീട്ടുതടങ്കലിൽ ' കഴിയുന്ന സംവിധായകൻ ജോഷി മാത്യൂ മികച്ച സിനിമകളുടെ കാഴ്ചയും പുസ്തകവായനയും കുട്ടികളുടെ നാടകാവതരണവുമായി കൊറോണക്കാലം സർഗാത്മകമാക്കുകയാണ് .

' വീട്ടിലിരിക്കുന്ന സമയം ക്രിയേറ്റീവായി പ്രയോജനപ്പെടുത്തുന്നതിനാൽ മടുപ്പില്ല.

കുട്ടികളുടെ തിയേറ്റർ ഗ്രൂപ്പായ നവയുഗിന്റെ നടത്തിപ്പുകാരനും സംവിധായകനുമായ ജോഷി മാത്യു,​ ഈ അവധിക്കാലത്തും കുട്ടികൾക്കായി രണ്ട് നാടകങ്ങൾ പ്ളാൻചെയ്തു. 'അവനവൻ കടമ്പയും' 'സിൻഡ്രലയും' 45 മിനിട്ടിലേക്ക് ഈ നാടകങ്ങൾ മാറ്റി എഴുതി . അഭിനയിക്കാൻ 48 കുട്ടികളെയും തിരഞ്ഞെടുത്തു . അപ്പോഴാണ് കൊറോണ പടർന്നത്. എന്നാൽ കാര്യങ്ങൾ കൊറോണയ്ക്ക് മുഴുവനായി വിട്ടുകൊടുക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. കുട്ടികളുടെ പുതിയ സിനിമയുടെ തിരക്കഥ വീണ്ടും പൊടിതട്ടിയെടുത്തു. വീട്ടിലെ 'സർഗതടവറ'യിലിരുന്ന് അതങ്ങ് പൂർത്തിയാക്കി.

അവധിക്കാലത്തെ കൊറോണ മുക്കിക്കളഞ്ഞെങ്കിലും കുട്ടികളുടെ ഫോൺ വിളികൾക്ക് കുറവെന്നുമില്ല. വീട്ടിലിരുന്ന് കാണാൻ പറ്റിയ മികച്ച ചിത്രങ്ങളുടെ ലിസ്റ്റ് ആവശ്യപ്പെട്ടാണ് വിളികളിൽ അധികവും. എന്നാൽ, സിനിമകളുടെ മാത്രമല്ല, അവശ്യം വായിച്ചിരിക്കേണ്ട പുസ്തകളുടെ ലിസ്റ്റും ജോഷി മാത്യു നൽകുന്നുണ്ട്. അവധിക്കാലത്ത് നവയുഗ് കുട്ടികൾ വരയ്ക്കുന്ന ചിത്രങ്ങളുടെ പ്രദർശനം നടത്താമെന്ന ഉറപ്പും അദ്ദേഹം കൊടുക്കുന്നുണ്ട്.

" വീട്ടിൽ വെറുതെയിരിക്കാൻ ഒട്ടും ഇഷ്ടമില്ലാത്തയാളാണ് ഞാൻ. നവയുഗ് ചിൽഡ്രൻസ് തിയേറ്റർ ആൻഡ് മൂവി വില്ലേജിന്റെ നടത്തിപ്പും പുസ്തകവായനയും സിനിമ കാണലുമൊക്കെയാണ് പ്രധാന പരിപാടികൾ. വേനൽ അവധിയായാൽ ക്യാമ്പിന്റെ തിരക്കാവും. എന്നാൽ, കൊറോണ കാരണം ഇത്തവണ ആകെ തകിടം മറിഞ്ഞു. അപ്പോഴാണ് സമയം കിട്ടാത്തതുകൊണ്ട് പലപ്പോഴായി മാറ്റിവച്ച കുട്ടികളുടെ സിനിമയുടെ തിരക്കഥ വീണ്ടും കൈയിലെടുത്തതും എഴുതി പൂർത്തിയാക്കിയതും. ഇതോടെ വീട്ടിലിരിക്കുന്നതിന്റെ മടുപ്പും മാറി "

ജോഷി മാത്യു