കോട്ടയം: കൊറോണക്കാലത്ത് റോഡിലിറങ്ങാതായതോടെ അപകടങ്ങൾ കുറഞ്ഞു. ജില്ലയിൽ ഒരാഴ്‌ചയ്‌ക്കിടെ നാല് വാഹനാപകടങ്ങളും ഒരു മരണവും മാത്രമാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസം ചങ്ങനാശേരിയിൽ നാഷണൽ പെർമിറ്റ് ലോറി ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചത് മാത്രമാണ് ഏക അപകട മരണം. റോഡിൽ വാഹനങ്ങൾ കുറഞ്ഞതാണ് അപകടം കുറയാൻ കാരണം. നാട്ടകത്തും കറുകച്ചാലിലും പാലായിലും കുറവിലങ്ങാട്ടുമാണ് അപകടം ഉണ്ടായത്.
2020 തുടങ്ങിയതിനു ശേഷം ജില്ലയിൽ അപകടങ്ങൾ വർദ്ധിച്ചിരുന്നു. ആദ്യ രണ്ടു മാസത്തിനിടെ അറുപതിലേറെ മരണങ്ങളാണ് ഉണ്ടായത്. മാർച്ചിൽ ആറു പേർ മാത്രമാണ് മരിച്ചത്.
മോഷണമില്ല, കഞ്ചാവു കേസും
തിരുനക്കര മഹാദേവക്ഷേത്രത്തിലും ചങ്ങനാശേരി വാഴപ്പള്ളി ക്ഷേത്രത്തിലും അടക്കം മോഷണം നടന്ന സമയത്താണ് കൊറോണ എത്തിയത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഒരു മോഷണക്കേസുപോലും രജിസ്റ്റർ ചെയ്‌തിട്ടില്ല. സംസ്ഥാന അതിർത്തികളെല്ലാം അടച്ചതോടെ കഞ്ചാവിന്റെ വരവും നിലച്ച മട്ടാണ്.
ജാഗ്രത തുടരും
ജില്ലയിൽ അപകടങ്ങൾ കുറയ്‌ക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടികളും പരിശോധനയും ശക്‌തമാക്കിയിരുന്നു.കൊറോണക്കാലത്തിനു ശേഷം റോഡിലിറങ്ങുമ്പോഴും ആ ജാഗ്രത തുടരും.
ടോജോ എം. തോമസ്, എൻഫോഴ്‌സ്മെൻ്റ് ആർ.ടി.ഒ