പൊൻകുന്നം: ഇനി എന്ത് ചെയ്യും? കോഴികർഷകർക്ക് മുമ്പിൽ മറ്റൊരു പ്രതിസന്ധികൂടി ഉയരുകയാണ്. കോഴിത്തീറ്റയുടെ ക്ഷാമമാണ് ഈ മേഖലയിൽ കർഷകർക്ക് മുമ്പിൽ വെല്ലുവിളി തീർക്കുന്നത്. കോഴിത്തീറ്റ ലഭിക്കാത്ത സാഹചര്യത്തിൽ ചെറുതും വലുതുമായ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയാണെന്ന് കർഷകർ പറയുന്നു. പക്ഷിപ്പനി എന്ന പ്രചരണമുണ്ടായപ്പോൾ കോഴി കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.അതിന്റെ ആഘാതത്തിൽനിന്നും കരകയറാൻ പാടുപെടുമ്പോഴാണ് ഇപ്പോഴത്തെ ഇരുട്ടടി. കോഴിത്തീറ്റയുമായി വരുന്ന ലോറികൾ തമിഴ്‌നാട് കർണ്ണാടക അതിർത്തികളിൽ തടയുന്നതാണ് ഇപ്പോഴത്തെ ക്ഷാമത്തിനു കാരണം.കേരളത്തിൽ നിന്ന് ലോറിയുമായി ഫാക്ടറിയിൽ വന്നാൽ കോഴിത്തീറ്റ തരാം എന്നാണ് നിർമ്മാണ കമ്പനികൾ പറയുന്നത്. കോഴികളെ വളർത്താൻ നൽകുന്ന ഏജൻസികളും കൈമലർത്തുകയാണ്. കോഴിക്കുഞ്ഞുങ്ങളെ ഫാമുകൾക്ക് നൽകുന്നത് തമിഴ്‌നാട്ടിലുള്ള ഏജൻസികളാണ്.ആവശ്യമുള്ള തീറ്റയും മരുന്നുകളും എത്തിച്ചു നൽകാമെന്നും വളർച്ചയെത്തുന്ന കോഴികളെ തിരിച്ചെടുത്തുകൊള്ളാമെന്നുമുള്ള വ്യവസ്ഥയിലാണ് ഇവർ കുഞ്ഞുങ്ങളെ നൽകുന്നത്.ആവശ്യമുള്ളവർക്ക് തൊഴിലാളികളെ എത്തിച്ചുകൊടുക്കുന്നതും ഈ ഏജൻസികളാണ്.കോഴിത്തീറ്റ എത്തിക്കാൻ മാർഗമില്ലാതായതോടെ കോഴികളെ ഉപേക്ഷിച്ച് ഏജൻസികൾ മടങ്ങുകയാണ്.
ചിലവ് @70
നിലവിലെ പ്രതിസന്ധി മറികടക്കാൻ കോഴിക്കുഞ്ഞുങ്ങളെയടക്കം കിട്ടുന്നവിലയ്ക്ക് വിൽക്കുകയാണ് കർഷകർ.40 മുതൽ 45 ദിവസങ്ങൾകൊണ്ടാണ് കോഴി പൂർണ്ണ വളർച്ചയെത്തുന്നത്. ഈ കാലയളവിൽ ഒരു കോഴിക്ക് 70 രൂപയിലധികം ചെലവുവരുമെന്ന് കർഷകർ പറയുന്നു. തീറ്റയില്ലാത്തതിനാൽ കോഴികൾ പരസ്പരം കൊത്തിച്ചാകുകയാണ്.ക്രൂഡ് പ്രോട്ടീൻ അടങ്ങിയ കോഴിത്തീറ്റ അല്ലാതെ മറ്റൊന്നും ഇറച്ചിക്കോഴികൾക്ക് നൽകാനാവില്ല.