കോട്ടയം: കൊറോണയുടെ സാമൂഹ്യ വ്യാപനം തടയാൻ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കടുപ്പിച്ചു. അവശ്യ സാധനങ്ങൾക്ക് കൃത്രിമ ക്ഷാമം ഉണ്ടാകാതിരിക്കാൻ പരിശോധനകൾ തുടങ്ങി. ഇനിയുള്ള ദിവസങ്ങൾ അതിനിർണായകമായതിനാൽ രോഗവ്യാപനം ഉണ്ടാകാതെ എല്ലാവരും വീട്ടിൽ തന്നെ കഴിയണമെന്ന സർക്കാർ അഭ്യർത്ഥന 98 ശതമാനം പേരും അനുസരിച്ചു. ദിവസവും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനാൽ ജനങ്ങൾ പൊരുത്തപ്പെട്ടു തുടങ്ങി. കടകൾ തുറക്കുന്നതിൽ രാവിലെ അനിശ്ചിതത്വം ഉണ്ടായെങ്കിലും പിന്നീട് അതുമാറി. തുറന്ന കടകളിൽ തിരക്കായിരുന്നു.
പാൽ
മിൽമയുടെ കോട്ടയത്തെ ഡെയറിയിൽ നിന്ന് പാൽ കടകളിൽ എത്തിക്കുന്നുണ്ട്. വേനലായതിനാൽ നേരത്തെ തന്നെ പാൽ ക്ഷാമമുണ്ട്. സംസ്ഥാനം ഒട്ടുക്ക് ലോക്ക് ഡൗൺ പ്രാബല്യത്തിൽ വരുകയും ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തതോടെ പാൽ വിൽപന നടത്തിവന്ന പല കടകളും തുറക്കുന്നില്ല. സ്റ്റേഷനറി കടകൾ, ബേക്കറികൾ, ഹോട്ടലുകൾ തുടങ്ങിയവയിൽ നടക്കുന്ന പാൽ വിൽപന തടസപ്പെട്ടത് ബുദ്ധിമുട്ടാകുന്നുണ്ട്. ജില്ലയിൽ പാൽ വിതരണം സുഗമമാക്കുമെന്ന് പൊലീസ് പറഞ്ഞു. പാൽ വണ്ടികൾ എങ്ങും തടയില്ല.കർഷകരിൽ നിന്ന് ക്ഷീര സംഘങ്ങൾ സംഭരിക്കുന്ന പാൽ സംഭരിച്ച് മിൽമ ഡെയറിയിൽ എത്തിക്കാനും തടസമില്ല.
പച്ചക്കറി
ജില്ലയിൽ പച്ചക്കറിക്ക് വില ഇരട്ടിയാക്കി. ചില കടയിൽ പച്ചമുളക്, ബീൻസ്, അമര, തക്കാളി എന്നിവ ഉള്ളപ്പോൾ വേറെ കടയിൽ കാബേജ്, തടിയൻകായ്, വഴുതനങ്ങ തുടങ്ങിയ ഇല്ല. പല കടകളിൽ കയറി ഇറങ്ങിയാലേ ആവശ്യത്തിനുള്ള പച്ചക്കറി സാധനങ്ങൾ കിട്ടു എന്ന അവസ്ഥയുണ്ട്. തമിഴ്‌നാട്ടിൽ നിന്നാണ് ജില്ലയിൽ പച്ചക്കറി എത്തുന്നത്. കുമളിയിലെ ചെക്ക് പോസ്റ്റുകളിൽ തമിഴ്‌നാട് പൊലീസ് ഏർപ്പെടുത്തിയ കർശന നിയന്ത്രണമാണ് കുഴപ്പത്തിന് കാരണം.
പലചരക്ക് കട
പലചരക്ക് കടകളിൽ ഇന്നലെയും തിരക്കായിരുന്നു. രാവിലെ 10ന് ശേഷമാണ് പല കടകളും തുറന്നത്. അതിനു മുൻപേ പലയിടത്തും സാധനങ്ങൾ വാങ്ങാൻ എത്തിയവർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. സപ്ലൈകോ കടകളിൽ സബ്‌സിഡി സാധനങ്ങളായ ചെറുപയർ, ജീരകം, കടുക് , മല്ലി, വെളിച്ചെണ്ണ തുടങ്ങിയവയുടെ സ്റ്റോക്ക് ഇല്ല. 4 ദിവസമായി ജനങ്ങൾ ധാരാളമായി ഇവ വാങ്ങിയതാണ് കാരണം.
പഴക്കടകൾ
പഴക്കടകൾ മിക്കവാറും തുറന്നിട്ടുണ്ട്. എന്നാൽ പലയിടത്തും കച്ചവടം കുറവാണ്. ഏത്തപ്പഴം, ഞാലിപ്പൂവൻ എന്നിവയ്ക്കായിരുന്നു വിൽപന കൂടുതൽ.