ചങ്ങനാശേരി: പായിപ്പാട് കവലയിൽ അന്യദേശ തൊഴിലാളികൾ സംഘടിച്ചതിനെ തുടർന്ന് പ്രദേശത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി. ഇന്നലെ കളക്ടർ ജില്ലയിൽ 144 പ്രഖ്യാപിച്ചതോടെ പായിപ്പാട് ശാന്തമാണ്.

ഞായറാഴ്ച രാവിലെ വളരെ അപ്രതീക്ഷിതമായി 4000 ത്തോളം പേരാണ് പായിപ്പാട് കവലയിൽ സംഘടിച്ചത്. പ്രതിഷേധത്തിന് മുൻപ് ഡൽഹിയിൽ നിന്നുൾപ്പെടെയുള്ള വോയ്സ് ക്ളിപ്പുകൾ തൊഴിലാളികളുടെ മൊബൈലിൽ വ്യാപകമായി പ്രചരിക്കപ്പെട്ടതായി പൊലീസ് കണ്ടെത്തി. ഡൽഹിയിൽ സംഘടിച്ച തൊഴിലാളികൾക്ക് യു.പിയിലേക്ക് യാത്രാ സൗകര്യത്തിനായി ബസുകൾ ഏർപ്പാടാക്കിയതുപോലെ കേരളത്തിൽ നിന്ന് നാട്ടിലേക്ക് യാത്രാ സൗകര്യം ഒരുക്കാമെന്ന് വാട്ട് ആപ്പിലും മറ്റും പരന്ന വാഗ്ദാനത്തെ തുടർന്നാണ് ഭൂരിഭാഗം പേരും പായിപ്പാട്ടെത്തിയത്. പ്രതിഷേധിച്ചാൽ മാത്രമേ ആവശ്യം അംഗീകരിക്കൂ എന്നായിരുന്നു സന്ദേശമെന്നാണ് സൂചന. ഡൽഹിയിൽ നിന്നെത്തിയ വോയ്സ് ക്ളിപ്പുകൾ ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോണുകളിൽ പരമാവധി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ നിന്നുവരെ തൊഴിലാളികൾ ഞായറാഴ്ച പായിപ്പാട്ടെത്തിയിരുന്നു. ഇത് തികച്ചും ആസൂത്രിതമാണെന്ന് പൊലീസ് പറയുന്നു. പത്തനംതിട്ട ജില്ലാ കളക്ടറും തിരുവല്ല എം.എൽ.എയും കോട്ടയം ജില്ലാ കളക്ടറും കോട്ടയം എസ്.പിയും അടക്കം പായിപ്പാട് എത്തി സംസാരിച്ചിട്ടും തൊഴിലാളികൾ പിന്തിരിഞ്ഞില്ല. അതാണ് സംഭവത്തിനു പിന്നിൽ മറ്റ് ഇടപെടലുണ്ടായിട്ടുണ്ട് എന്ന നിഗമനത്തിലേയ്ക്ക് പൊലീസിനെ എത്തിച്ചത്.