കോട്ടയം: കമ്മൂണിറ്റി കിച്ചൻ പ്രവർത്തനത്തിന് ആവശ്യമായ പണം പഞ്ചായത്തുകൾക്ക് സർക്കാർ നൽകണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എ.ൽ.എ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പായിപ്പാട് പഞ്ചായത്തിൽ സർക്കാർ കണക്കിൽ 4500 ലേറെ അന്യദേശ തൊഴിലാളികളുണ്ട്. ഇവർക്ക് ഭക്ഷണം നൽകാനുള്ള വരുമാനം പായിപ്പാട് പഞ്ചായത്തിനില്ല. സാമ്പത്തിക വർഷാവസാനമായതിനാൽ മിക്ക പഞ്ചായത്തുകളും പാപ്പരാണ് . അന്യദേശതൊഴിലാളികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കാണ്. ഈ സാഹചര്യത്തിൽ സർക്കാർ പണം നൽകി സഹായിക്കണം.

പായിപ്പാട് ആയിരക്കണക്കിന് അന്യദേശ തൊഴിലാളികൾ തെരുവിലിറങ്ങിയത് നേരത്തേ മനസിലാക്കാൻ കഴിയാതെ പോയത് പൊലീസ് ഇന്റലിജൻസ് പരാജയമാണ്. ഇതിന് പിന്നിൽ ഗുഢാലോചന ഉണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി എന്തു കൊണ്ട് ഗൂഢാലോചന കണ്ടു പിടിക്കുന്നില്ല. പത്തനം തിട്ടയോട് അടുത്തു കിടക്കുന്ന പായിപ്പാട് അന്യദേശ തൊഴിലാളികൾ തെരുവിൽ ഇറങ്ങിയ സംഭവമുണ്ടായിട്ടും ഈ മണ്ഡലത്തിലുള്ള കോൺഗ്രസ് എം.പിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ് സി.എഫ്.തോമസ് എം.എൽ.എ എന്നിവരെ സർക്കാർ ചർച്ചയ്ക്കു വിളിച്ചില്ല. രാഷ്ട്രീയത്തിനതീതമായി മുഴുവൻ ജനപ്രതിനിധികളെയും പായിപ്പാട്ടെ പ്രശ്ന പരിഹാരത്തിന് വിളിക്കണമായിരുന്നു .

കൊറോണയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് ഏർപ്പെടുത്തിയ ഇൻഷ്വറൻസ് പരിരക്ഷയിൽ മാദ്ധ്യമപ്രവർത്തകരെയും പൊലീസുകാരെയും ഉൾപ്പെടുത്തണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.