കോട്ടയം: ലോക്ക്ഡൗൺ കാലത്തെ തൊഴിൽ നഷ്ടവും വരുമാന നഷ്ടവും മൂലം കാർഷിക വായ്പകൾ നിർദ്ദിഷ്ട സമയത്ത് തിരിച്ച് അടയ്ക്കാൻ കഴിയാത്ത കൃഷിക്കാർക്ക് പലിശ സബ്സിഡി നഷ്ടമാകാതെ ഇളവ് അനുവദിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കാർഷിക വായ്പ എടുത്ത പല കൃഷിക്കാർക്കും നിശ്ചിതസമയത്ത് വായ്പാ തിരിച്ചടവിന് കഴിയാതെ വന്നിരിക്കുകയാണ്. ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ള ഇളവുകളിലോ മോറട്ടോറിയം പ്രഖ്യാപനത്തിലോ സബ്സിഡി നഷ്ടമാകുന്ന വായ്പകളുടെ കാലാവധി ദീർഘിപ്പിക്കുന്നതിനോ, ലോക്ക് ഡൗൺ മൂലം തിരിച്ചടവ് കഴിയാതെ വന്ന വായ്പകളിൽ സബ്സിഡി നഷ്ടം പുനസ്ഥാപിക്കുന്നതിനോ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടില്ല. ഇത് സംസ്ഥാനവ്യാപകമായി കാർഷിക വായ്പ എടുത്തിട്ടുള്ള കൃഷിക്കാർക്ക് നഷ്ടത്തിന് ഇടവരുത്തിയിരിക്കുകയാണ്. പലിശ സബ്സിഡി നഷ്ടമാകാതെ ഇളവ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി, കൃഷി വകുപ്പ് മന്ത്രി, സഹകരണ വകുപ്പ് മന്ത്രി, എന്നിവർക്ക് കത്ത് അയച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.