കോട്ടയം: റാന്നി ഐത്തലപട്ടയിൽ തോമസും (93) ഭാര്യ മറിയാമ്മയും (88) ഏറെ സന്തോഷത്തിലാണ്. കൊറോണ ബാധിതരായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന ഇവരുടെ പരിശോധന റിപ്പോർട്ട് നെഗറ്റീവ് ആയതോടെ വീടുകളിലേക്ക് മടങ്ങാനുള്ള ആവേശത്തിലാണ് ഇരുവരും. രോഗം ഭേദമായെങ്കിലും മെഡിക്കൽ ബോർഡ് കൂടിയ ശേഷമേ ഇവരെ വീടുകളിലേക്ക് മടക്കി അയയ്ക്കുകയുള്ളുവെന്ന് ഡി.എം.ഒ വ്യക്തമാക്കി. വീട്ടിലെത്തിയാലും 14 ദിവസം ഹോം ക്വാറന്റൈനിൽ കഴിയണം.
ഇറ്റലിയിൽ നിന്ന് എത്തിയ മകനും കുടുംബത്തിനും രോഗബാധ ഉണ്ടായിരുന്നു. ഇവരിൽ നിന്നാണ് പിതാവായ തോമസിനും മറിയാമ്മയ്ക്കും രോഗബാധയുണ്ടായത്. കോഴഞ്ചേരി ആശുപത്രിയിൽ കഴിഞ്ഞിരുന്ന മകനും കുടുംബവും രോഗം ഭേദപ്പെട്ട് വീടുകളിലേക്ക് ഇന്നലെ മടങ്ങിയിരുന്നു. പ്രമേഹവും രക്തസമ്മർദ്ദവും ഉള്ള തോമസിന് ആശുപത്രിയിൽ എത്തി പിറ്റെദിവസം രോഗം കലശലായി. തോമസ് ഹൃദ്രോഗിയുമാണ്.
മറിയാമ്മയ്ക്കാവട്ടെ മൂത്രസംബന്ധമായ രോഗം ഉണ്ട്. ഏതായാലും അതിൽനിന്നെല്ലാം രക്ഷപ്പെട്ട് ഇപ്പോൾ പൂർണ ആരോഗ്യവാനാണ് തോമസും മറിയാമ്മയും. മാർച്ച് ആദ്യവാരമാണ് ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.