bullet

കോട്ടയം: റിസോർട്ടിൽ ചാരായവും തോക്കും കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം മുൻ സൈനികരിലേക്ക്. ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന തിരകൾ കണ്ടെത്തിയതോടെ അന്വേഷണം ഊർജ്ജിതമാക്കി. ഇടുക്കി സ്പെഷ്യൽ ബ്രാഞ്ചും നെടുങ്കണ്ടം പൊലീസും അന്വേഷണം ആരംഭിച്ചു. തോക്കിന് ലൈസൻസ് ഉണ്ടോയെന്ന് പരിശോധിച്ചുവരുന്നു.

കഴിഞ്ഞദിവസമാണ് കുമളി ആറാം മൈൽ പ്രവർത്തിക്കുന്ന ബാംബൂനെസ്റ്റ് റിസോർട്ടിൽ നിന്നും 2,000 ലിറ്റർ വാറ്റും രണ്ടു ലിറ്റർ ചാരായവും എക്സൈസ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് ഇന്റലിജൻസ് വിഭാഗം റിസോർട്ടിൽ എത്തിയത്. വാറ്റാനായി കലക്കിവച്ചിരുന്ന 2,000 ലിറ്റർ വാറ്റ് പിടിച്ചെടുത്ത് ഒഴുക്കിക്കളഞ്ഞു. രണ്ട് ലിറ്റർ ചാരായവും പിടിച്ചെടുത്തിരുന്നു. തുടർന്ന് റിസോർട്ട് മാനേജർ ഇല്ലിമൂട്ടിൽ ജിനദേവനെ (40) എക്സൈസ് അറസ്റ്റ് ചെയ്തു. റിസോർട്ടിലെ ഇയാളുടെ മുറിയിൽ ള പരിശോധന നടത്തിയപ്പോഴാണ് നാടൻ തോക്കും തിരകളും കണ്ടെടുത്തത്. തിരകളിൽ ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറി എന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് ഇന്ത്യൻ പട്ടാളം ഉപയോഗിക്കുന്ന തിരകളാണ്. ഇത് എങ്ങനെ റിസോർട്ട് ഉടമയുടെ അടുക്കലെത്തി എന്നതിനെക്കുറിച്ചാണ് നെടുങ്കണ്ടം പൊലീസും സ്പെഷ്യൽ ബ്രാഞ്ചും അന്വേഷിക്കുന്നത്.

കുമളി പാണ്ടിക്കുഴിയിൽ മൃഗവേട്ട നടത്തുന്നത് പതിവായിരുന്നു. റിസോർട്ടിൽ എത്തുന്നവർക്ക് വെടിയിറച്ചി വിളമ്പിയിരുന്നു. ഇവർക്കായിട്ടാണ് നാടൻചാരായം വാറ്റിയിരുന്നതെന്ന് ജിനദേവൻ എക്സൈസിനോട് പറഞ്ഞു. ഒറ്റപ്പെട്ട സ്ഥലത്താണ് റിസോർട്ട് സ്ഥിതിചെയ്യുന്നത്. അതിനാൽ ചാരായം വാറ്റുന്നത് പുറത്താരും അറിഞ്ഞിരുന്നില്ല.

വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഒത്തുചേരൽ സ്ഥലമായിരുന്നു ഈ റിസോർട്ട്. ചില നേതാക്കളും ചാരായവും വെടിയിറച്ചിയും ഉപയോഗിച്ചിരുന്നതായും ജിനദേവൻ പൊലീസിനോട് വെളിപ്പെടുത്തി. ഇതിനിടയിൽ കേസ് തേച്ചുമായ്ച്ചു കളയുവാൻ ചില ഉന്നത നേതാക്കൾ ഇടപെട്ടതായിട്ടാണ് അറിയുന്നത്.

സൈന്യത്തിനായി ഉപയോഗിക്കുന്ന വെടിയുണ്ടകൾ എങ്ങനെ ജിനദേവന്റെ പക്കൽ എത്തിയെന്നതിനെക്കുറിച്ച് അറിവായിട്ടില്ല. പൊലീസ് പലവട്ടം ചോദിച്ചിട്ടും ഇതിന്റെ ഉറവിടം ഇയാൾ വെളിപ്പെടുത്തിയിട്ടില്ല. സൈന്യത്തിനുവേണ്ടി നിർമ്മിക്കുന്ന വെടിയുണ്ട സാധാരണക്കാർ ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമാണ്.