കോട്ടയം: പന്നിമറ്റത്തെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണിൽ അരിയെത്തി. ആന്ധ്രയിൽ നിന്ന് ഇന്ന് രാവിലെ റെയിൽ മാർഗമാണ് അരി എത്തിയത്. ഇതോടെ കോട്ടയം,ചങ്ങനാശേരി, മീനച്ചിൽ, വൈക്കം, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ ജനങ്ങൾക്ക് ഭക്ഷണകാര്യത്തിൽ സുരക്ഷിതരായി. മൂന്നു മാസത്തേക്ക് വിതരണത്തിനുള്ള അരി ഗോഡൗണിൽ സ്റ്റോക്കുണ്ടെന്ന് എഫ്.സി.ഐ ഡിവിഷനൽ മാനേജർ ടി.വി ബിമൽ പറഞ്ഞു. എന്നാൽ, അരി ലോറിയിൽ കയറ്റുവാൻ ആളെ കിട്ടാനില്ല. കാരണം ലോക്ക് ഡൗൺ നിലവിലുള്ളതിനാൽ ദൂരെ സ്ഥലങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് എത്തിപ്പെടാൻ സാധിക്കുന്നില്ല. ആലപ്പുഴ, വാകത്താനം, തിരുവല്ല, തെങ്ങണ എന്നിവിടങ്ങളിൽ താമസിക്കുന്ന തൊഴിലാളികളെ ഫോണിൽ വിളിച്ചുവരുത്തിയാണ് ഇപ്പോൾ അരി കയറ്റുന്നത്. ഇവർ ഇരുചക്രവാഹനങ്ങളിലാണ് പന്നിമറ്റത്ത് എത്തുന്നത്. പൊലീസ് ഇവരെ പരിശോധിക്കുന്നുണ്ടെങ്കിലും കാരണം പറയുന്നതോടെ കടത്തിവിടുന്നുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു.