air

കോട്ടയം: കൊറോണക്കാലം പി.സി.ജോർജ് എം.എൽ. എയെ നല്ല നടപ്പുകാരനാക്കി. ഇതുവരെ ഇല്ലാതിരുന്ന സന്ധ്യാപ്രാർത്ഥന തുടങ്ങി... 'ആരാടാ എന്നു ചോദിച്ചാൽ നീ ആരാടാ എന്ന്' തിരിച്ച് ചോദിക്കുന്ന സ്വഭാവത്തിനും മാറ്റം വന്നു. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം പറമ്പിൽ നാടൻ പച്ചക്കറി കൃഷിക്കു സമയം കണ്ടെത്തി. പുസ്തക വായന തുടങ്ങി. ഇതിനൊക്കെ ഇടയിലും ജനപ്രതിനിധി എന്ന നിലയിൽ കൊറോണ പ്രതിരോധ പ്രവർത്തനത്തിനും സമൂഹ അടുക്കള നടത്തിപ്പിനുമെല്ലാം മുന്നണിപോരാളിയായി നിൽക്കുകയാണ് പ്ലാത്തോട്ടത്തിൽ ചാക്കോ മകൻ പി.സി.ജോർജ് .

" കൊറോണയെ എനിക്കൊരു പേടിയുമില്ല . വീടിന്റെ ഗേറ്റ് പഴയ പോലെ തുറന്നിട്ടിരിക്കുകയാണ്. ഓഫീസിന് മുന്നിൽ സാനിറ്റൈസറും സോപ്പും വെള്ളവും വച്ചിട്ടുണ്ട്. കൈ കഴുകിയിട്ടേ ആരെയും കേറ്റുകയുള്ളൂ. സകല ശവമടക്കിനും പഴയതുപോലെ പോകും. പൂഞ്ഞാറിലെ ഒമ്പതു പഞ്ചായത്തിലും ഈരാറ്റുപേട്ട നഗരസഭയിലും എം.എൽ.എ ഫണ്ടിൽ നിന്ന് കൊറോണ പ്രതിരോധ പ്രവർത്തനത്തിന് പത്തു ലക്ഷം വീതം നൽകി. സമൂഹ അടുക്കള നടത്താൻ കാശില്ലാത്ത പഞ്ചായത്തുകൾക്ക് പതിനായിരം രൂപ കീശയിൽ നിന്നെടുത്തു കൊടുത്തു. ഇവിടെ ആർക്കും ഒരു പരാതിയുമില്ല . എരുമേലിയിൽ ഒരു ആദിവാസി കുടുംബം ഒറ്റപ്പെട്ട് പ്ലാസ്റ്റിക് ഷെഡിൽ അന്തിയുറങ്ങുന്നതറിഞ്ഞ് ഇന്നലെ അവിടെ പോയി അവരെ ക്യാമ്പിൽ എത്തിച്ചു. മണ്ഡലത്തിലൂടെ കാറിൽ പോകുമ്പോൾ വഴിയിൽ കൂട്ടം കൂടി നിൽക്കുന്നവരെ കണ്ടാൽ വണ്ടി നിറുത്തി ഓടിക്കും.

രാഷ്ടീയ പ്രവർത്തനം കുറവായതിനാൽ വീടും പറമ്പുമൊക്കെ ഭാര്യ ഉഷയെയും മക്കളായ ഷോണിനെയും മാത്തനെയും ഒപ്പം കൂട്ടി വൃത്തിയാക്കി. ഏഴര ഏക്കർ പറമ്പുണ്ട്. അവിടെ വെണ്ടയും പാവലും പയറും കാബേജുമെല്ലാം കൃഷിചെയ്തു. വീട്ടാവശ്യത്തിന് മാത്രമല്ല നാട്ടുകാർക്കും കൊടുക്കാനാണ് പച്ചക്കറി കൃഷി. ജോസഫിനെപ്പോലെ പശു വളർത്തൽ മാത്രമില്ല. ബാക്കിയെല്ലാ കൃഷിയുമുണ്ട്. പുസ്തക വായനയ്ക്കും സമയം കണ്ടെത്തി സൈമൺ ബ്രിട്ടോയുടെ 'അഗ്രഗാമി 'എന്ന നോവൽ വായിച്ചു തീർത്തു.

തോക്ക് ലൈസൻസുള്ള എം.എൽ.എയായ ജോർജ് എന്ന് തോക്കെടുക്കുന്നതും വാർത്തയാണ്. കാക്കയുടെ ശല്യം തീർക്കാൻ എയർഗണ്ണെടുക്കുന്നതിനാൽ ജോർജിനെ പുറത്തു കണ്ടാൽ കാക്കകൾ പറക്കും. മുണ്ടും മടക്കി കുത്തി ജോർജ് ആകാശത്തേയ്ക്ക് തോക്കും ചൂണ്ടി നിൽക്കുന്ന ചിത്രം കൊറോണയെ വെടിവെക്കുന്ന പൂഞ്ഞാറിന്റെ ആശാൻ എന്ന തലക്കെട്ടോടെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ 'ഇതെപ്പം എടുത്തു" എന്നായിരുന്നു ജോർജിന്റെ ചോദ്യം!