അടിമാലി: കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള നടപടികളുടെ ഭാഗമായി അടിമാലി താലൂക്കാശുപത്രിയിൽ പനി ക്ലിനിക്കിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്ന തീരുമാനം നടപ്പിലായില്ല.ഇതോടെ വിവിധ രോഗങ്ങൾക്ക് ചികത്സ തേടിയെത്തുന്ന രോഗികൾ കൂട്ടത്തോടെ അത്യാഹിത വിഭാഗത്തിന് മുമ്പിൽ നിലയുറപ്പിക്കുന്നത് പ്രതിസന്ധിക്ക് ഇടയാക്കുന്നു.കൊറോണ വൈറസ് തടയുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി നിലവിൽ ഉണ്ടായിരുന്ന ഒ പി വിഭാഗത്തിന്റെ പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നു.പനിയും ഇതോടനുബന്ധിച്ചുള്ള രോഗങ്ങൾക്ക് അത്യാഹിത വിഭാഗത്തിൽ നിന്നും മാറി സ്‌കാനിംഗ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഇതിനുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു.ഒരാഴ്ച്ച മുമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെയും ആശുപത്രി സൂപ്രണ്ടിന്റെയും സാന്നിദ്ധ്യത്തിൽ എടുത്ത തീരുമാനം അടിയന്തിര ഘട്ടത്തിലും നടപ്പാക്കുന്നതിന് നടപടിയായിട്ടില്ല.മേഖലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വേണ്ടത്ര ചികത്സാ സൗകര്യങ്ങളില്ല.ദേവികുളം താലൂക്ക്,ഇടുക്കി,ഉടുമ്പൻചോല താലൂക്കുകളിലെ ഏതാനും പഞ്ചായത്തുകളിൽനിന്നുള്ള ഓർത്തോ,ഗൈനക്കോളജി വിഭാഗത്തിലെ ഒട്ടേറെ രോഗികൾ ഇപ്പോഴും ചികത്സ തേടിയെത്തുന്നത് അടിമാലി താലൂക്കാശുപത്രിയിലാണ്.ഇതോടൊപ്പം പനിബാധിതരും ധാരാളമായി എത്തുന്നുണ്ട്.ഇതിനു പുറമെയാണ് കൊറോണ രോഗവുമായി ബന്ധപ്പെട്ടിട്ടുള്ള സ്രവപരിശോധനക്കുള്ള രോഗികളും എത്തുന്നുണ്ട്.
വിവിധ രോഗങ്ങൾ ഉള്ളവരെല്ലാം അത്യാഹിതവിഭാഗത്തിൽ ഒത്തു ചേരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടവരുത്തുമെങ്കിലും ഇക്കാര്യത്തിലെ മെല്ലെപ്പോക്ക് പ്രശ്നങ്ങളെ വിളിച്ച് വരുത്തുംപോലെയായി.