camp

ചങ്ങനാശേരി: അന്യ സംസ്ഥാന തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനുമായി സംസ്ഥാന സർക്കാർ നിയോഗിച്ച നോഡൽ ഒാഫീസർ ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് ഇന്നലെ പായിപ്പാട്ടെ ക്യാമ്പുകൾ സന്ദർശിച്ചു. രാവിലെ 9.30 ഓടെ എത്തിയ അദ്ദേഹം അഞ്ച് ക്യാമ്പുകൾ സന്ദർശിക്കുകയും നൂറോളം തൊഴിലാളികളോട് സംസാരിക്കുകയും ചെയ്തു. തൊഴിലാളി ക്യാമ്പുകൾ മെച്ചപ്പെട്ട സ്ഥിതിയിലല്ലെന്നും ഇതു പരിഹരിക്കാൻ സർക്കാരും കെട്ടിട ഉടമസ്ഥരും നടപടിയെടുക്കുമെന്ന് ഐ.ജി അറിയിച്ചു.

ലോക്ക് ഡൗൺ ലംഘിച്ച് കഴിഞ്ഞ ദിവസം 4000 ലധികം അന്യസംസ്ഥാന തൊഴിലാളികൾ പായിപ്പാട് കവലയിൽ ഒത്തുകൂടി പ്രതിഷേധിച്ചതിനെ തുടർന്നാണ് സംസ്ഥാനത്താകെയുള്ള അന്യ സംസ്ഥാന തൊഴിലാളികളുടെ സംരക്ഷണവും നിയന്ത്രണവും ഏകോപിപ്പിക്കുന്നതിനായി ഐ.ജി ശ്രീജിത്തിനെ സർക്കാർ നിയോഗിച്ചത്.

പല ക്യാമ്പുകളിലും ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനാൽ ക്യാമ്പുകളിൽ നേരിട്ടെത്തി സംസാരിക്കുന്നതിനും ബോധവൽക്കരണം നടത്തുന്നതിനുമായി ഭാഷ അറിയുന്നവരെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ നിയന്ത്രണത്തിനു ശേഷം നാട്ടിലേക്ക് മടങ്ങേണ്ടവർക്ക് അതിനുതടസമില്ല. നിലവിൽ കോൺട്രാക്ടർമാരുമായി ബന്ധപ്പെട്ട് ഇവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നതിന് ഉദ്യോഗസ്ഥ തലത്തിലും വീട്ടുടമസ്ഥർ വഴിയും ശ്രമിക്കും. ഇത്രയധികം തൊഴിലാളികളെ എത്രകാലം നോക്കേണ്ടിവരുമെന്ന ആശങ്ക കോട്ടേജ് ഉടമകൾക്കുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ ലാഭം നോക്കാതെ എല്ലാവരും ബുദ്ധിമുട്ടുകൾ സഹിക്കാൻ തയ്യാറാവണം. കെട്ടിട ഉടമകളുടെ ആശങ്ക തൊഴിലാളികളിലേയ്ക്ക് പകർന്ന് അവരിലും ആശങ്കപടർത്തുന്നതിനുള്ള ഒരു ശ്രമവും ഉണ്ടാവുന്നില്ലെന്ന് ഉടമകൾ തന്നെ ഉറപ്പ് വരുത്തണം. നിയന്ത്രണകാലത്ത് തൊഴിലാളികൾക്ക് ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ പൊലീസും ഭരണകൂടവും ഏത് സമയത്തും തയ്യാറാണ്. തൊഴിലാളികൾ മൂലം ഉടമസ്ഥർക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു തൊഴിലാളി പോലും പട്ടിണികിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തും.

അസി. കളക്ടർ ശിഖാ സുരേന്ദ്രൻ, കോട്ടയം എസ്.പി. ജി ജയദേവ് , തഹസിൽദാർ ജിനു പുന്നൂസ്, ജില്ലാ ലേബർ ഓഫീസർ വിനോദ് കുമാർ, സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ. എസ്. പി. സഖറിയ മാത്യു, ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ എസ്. പി. പാർത്ഥ സാരഥി പിള്ള, ഡിവൈ. എസ്. പി. എസ്. സുരേഷ് കുമാർ, സി.ഐ. സാജു വർഗീസ്, എസ്.ഐമാരായ യു. ശ്രീജിത്ത്, കെ. സലീം, ഷെമീർഖാൻ, വിപിൻ ചന്ദ്രൻ, എ. എസ്. ഐ സാബു, കെ. ആർ. സുരേഷ് എന്നിവരും ഐ ജിക്കൊപ്പം ഉണ്ടായിരുന്നു.

നോഡൽ ഒാഫീസറുടെ നിരീക്ഷണങ്ങൾ

 കോട്ടേജ് ഉടമകൾ തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തണം

 ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ സഹായം ഉണ്ടാകും

 നിലവിൽ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്ന കാര്യത്തിൽ വീഴ്ചയില്ല

 ഓരോ ക്യാമ്പിലും വ്യത്യസ്ത ഭക്ഷണം നൽകുന്ന രീതി മാറ്റണം

 ഇന്ന് മുതൽ ഓരോ ക്യാമ്പിൽ ഒന്നിച്ച് ഭക്ഷണം തയ്യാറാക്കും

 വീട്ടിൽ പോകണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നുണ്ട്

 നിയന്ത്രണം നിലനിൽക്കുന്നതിനാൽ കഴിയില്ലെന്ന് അറിയിച്ചു

 ഇതു ബോദ്ധ്യപ്പെട‌ുത്താൻ ഭാഷ അറിയുന്നവരെ ഏൽപ്പിച്ചു

 മൊബൈൽ റീചാർജ് സൗകര്യം കെട്ടിട ഉടമ ചെയ്തുകൊ‌ട‌ുക്കും