കോട്ടയം: നാട്ടകം ട്രാവൻകൂർ സിമന്റ്‌സ് ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ജോസ് കെ. മാണി എം.പി മന്ത്രിമാരായ ഇ.പി ജയരാജനും, തോമസ് ഐസക്കിനും നല്‍കിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ലോക്ക്ഡൗണിന്റെ പേരിൽ തൊഴിലാളികൾക്ക് ശമ്പളം മുടങ്ങരുതെന്ന സർക്കാർ തീരുമാനത്തിന് എതിരായി പൊതുമേഖല സ്ഥാപനമായ നാട്ടകം ട്രാവന്‍കൂർ സിമന്റ്‌സിലെ ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്ന സ്ഥിതിയാണ്. 4000 രൂപ മാത്രം അഡ്വാൻസ് നല്‍കിയിരിക്കുകയാണ്. ട്രാവൻകൂർ സിമന്റ്‌സിന് സർക്കാർ അനുവദിച്ച 3 കോടി രൂപയിൽ 1.18 കോടി രൂപ ലഭ്യമായിട്ടില്ല. ഈ തുകയും അടിയന്തിരമായി ലഭ്യമാക്കി സിമന്റ്‌സ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരം കാണുകയും, ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.