കോട്ടയം: കൊറോണ നൽകിയ ദുരിതം ഒരുവശത്ത്, വേനൽമഴ ഉയർത്തുന്ന വെല്ലുവിളി മറുവശത്ത്. പാറേച്ചാലിലെ നെൽകർഷകർ ഇപ്പോൾ പ്രതിസന്ധിയുടെ നടുവിലാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ അപ്രതീക്ഷിതമായി പെയ്‌ത മഴയിൽ പാടശേഖരങ്ങളിലെ നെല്ല് വീണുപോയി. ഇതോടൊപ്പം കൊയ്‌തിട്ട നെല്ലും വെള്ളത്തിലായി. വരുംദിവസങ്ങളിൽ കൂടി മഴ പെയ്‌താൽ മാസങ്ങൾ നീണ്ട കഷ്‌ടപ്പാട് വെള്ളത്തിലാകുമെന്നതാണ് അവസ്ഥ. കഴിഞ്ഞദിവസമാണ് പാറേച്ചാൽ പെരുനിലം പാടശേഖരത്തിലെ എഴുപത് ഏക്കറിലെ കൊയ്ത്ത് നടന്നത്. ടാർ പോളിൻ ഉപയോഗിച്ച് നെല്ല് മൂടിയിട്ടിരുന്നു. പക്ഷേ മഴയിൽ നെല്ല് ചെറിയതോതിൽ നനഞ്ഞുപോയി. പ്രദേശത്തെ തന്നെ തൈങ്കണാടി, ഗ്രാവ് ചേക്കാക്കരി പാടശേഖരങ്ങളിലെ നെൽചെടികൾ കനത്തമഴയിൽ വീണുപോയിട്ടുണ്ട്. വരുംദിവസങ്ങളിൽ മഴ പെയ്‌താൽ കൊയ്ത്ത് പ്രതിസന്ധിയിലാകും. കൃഷിയിറക്കാൻ വൈകിയത് മൂലം ഈ പാടശേഖരങ്ങളിൽ ഇത്തവണ വിളവ് കുറവാണ്. മുൻ വർഷങ്ങളിൽ ഏക്കറിന് 26 ക്വിന്റൽ നെല്ലാണ് ലഭിച്ചത്. എന്നാൽ ഇത്തവണ ശരാശരി 19 ക്വിന്റലാണ് വിളവ്. ലോക്ക് ഡൗണിനെ തുടർന്ന് കൊയ്ത്ത് യന്ത്രം ആവശ്യത്തിന് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇതുമൂലം കൊയ്ത്ത് വൈകാനും സാധ്യതയുണ്ട്.
വിളവ് കുറഞ്ഞു
ഇത്തവണ വിളവ് കുറവാണ്. മഴ കൊയ്ത്ത് പ്രതിസന്ധിയിലാക്കുമെന്ന് ആശങ്കയുണ്ട്.
സദാനന്ദൻ
ഇരുപതിൽ ചിറ