എലിക്കുളം: അന്യസംസ്ഥാന തൊഴിലാളികൾക്ക് അവരുടേതായ രീതിയിൽ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുകയാണ് എലിക്കുളം അഭയം പാലിയേറ്റിവ് കെയർ. ഇളങ്ങുളം ശാസ്താ ദേവസ്വം സ്‌കൂളിൽ പ്രവർത്തിക്കുന്ന അഭയം സമൂഹ അടുക്കളയിൽ ഈ വിഭാഗത്തിൽ പെട്ട തൊഴിലാളികൾ തന്നെയാണ് ഭക്ഷണം പാകം ചെയ്യുന്നത്. എലിക്കുളം പഞ്ചായത്തിൽ കോൺട്രാക്ടർമാരുടെ കീഴിലല്ലാതെ കഴിയുന്ന 50ൽ പരം തൊഴിലാളികൾക്കാണ് അഭയം ഭക്ഷണം വിളമ്പിയത്. ഇവരിൽ ഭൂരിഭാഗവും ബംഗാൾ സ്വദേശികളാണ്. ബംഗാൾ മുർഷിദാബാദ് സ്വദേശികളായ ജസ്മുദീൻ സേഖ്, നൗഷാദ് സേഖ്, നീമോണ്‍ എന്നിവരാണ് അഭയം കമ്മൂണിറ്റി കിച്ചണിൽ കൂടെയുള്ളവർക്കായി ഭക്ഷണമൊരുക്കുന്നത്.
ഇളങ്ങുളം ശാസ്താ ദേവസ്വം സ്‌കൂളിൽ ഇളങ്ങുളം സർവീസ് സഹകരണ ബാങ്കിന്റെയും ശാസ്താ ദേവസ്വത്തിന്റെയും സഹകരണത്തോടെയാണ് അടുക്കളയുടെ പ്രവർത്തനം. അഭയം നിർവഹണ സമിതിയംഗം എസ്. ഷാജി, സി.പി.എം എലിക്കുളം ലോക്കൽ സെക്രട്ടറി കെ.സി. സോണി, ഇളങ്ങുളം ബാങ്ക് പ്രസിഡന്റ് പ്രൊഫ. എം.കെ. രാധാകൃഷ്ണൻ, പഞ്ചായത്തംഗം സുജാതാ ദേവി, വി.വി. ഹരികുമാര്‍, എസ്. രാജു, സി. മനോജ്, ജസ്റ്റിൻ ജോർജ്, എം.ജി. മധുസൂദനൻ, സി.പി. ഓമന, കെ.എം. അശോകൻ എന്നിവരാണ് അടുക്കളയ്ക്ക് നേതൃത്വം നൽകുന്നത്.