കോട്ടയം: അശുഭ വാർത്തകളുടെ നടുവിലിരിക്കുമ്പോഴും എല്ലാം ശരിയാകുന്ന പ്രതീക്ഷയിലാണ് പിയറി ചൗസിവും കൂട്ടുകാരും. ഫ്രാൻസിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ ഫോൺ കോളുകളിലും സോഷ്യൽ മീഡിയ സന്ദേശങ്ങളിലും നിറഞ്ഞു നിൽക്കുന്നത് ആശങ്കകളാണ്. എല്ലാവരോടും ഇവർ ആവർത്തിക്കുന്നു: കേരളത്തിൽ ഞങ്ങൾ സുരക്ഷിതരും സന്തുഷ്ടരുമാണ്.
കേരളം കാണാൻ മാർച്ച് 16ന് ഫ്രാൻസിൽനിന്നു വന്ന എൻജിനീയറായ പിയറിയും ഭാര്യ മറീൻ സെൻഡ്രിയറും കൊറോണ നീരിക്ഷണത്തിലാവുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസിൽനിന്നും ഇറക്കി പാലാ ജനറൽ ആശുപത്രിയിലെത്തിക്കുമ്പോൾ തലേന്ന് ഇതേ രീതിയിൽ എത്തിയ സ്‌പെയിൻകാരായ ഡേവിഡ് റൂയിസ് മാർട്ടിനെസും ലിയ മാത്താസ് ഇ വീലയും അവിടെയുണ്ടായിരുന്നു. ആർക്കും രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ലെങ്കിലും വിദേശത്തുനിന്ന് എത്തിയവരായതിനാൽ മുൻകരുതലിന്റെ ഭാഗമായി ക്വാറന്റയിൻ നിർദേശിച്ചു.
ആശുപത്രിയിൽ കഴിയുന്നതിനുള്ള ബുദ്ധിമുട്ട് അറിയിച്ചപ്പോൾ ജില്ലാ ഭരണകൂടം പകരം താമസ സ്ഥലം കണ്ടെത്തി നൽകി. പിന്നീട് കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ച് നാലുപേരുടെയും സാമ്പിളുകൾ ശേഖരിച്ചു. ഫലം നെഗറ്റീവായിരുന്നു.
വിമാന സർവീസുകൾ നിലയ്ക്കുകയും മടക്കയാത്ര മുടങ്ങുകയും ചെയ്തതോടെ ഇവരുടെ ലോകം ഇവിടുത്തെ മുറികളിൽ ഒതുങ്ങി. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് ക്വാറന്റയിൻ പൂർത്തിയാക്കി. നല്ല ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയതിനും തങ്ങളുടെ ആരോഗ്യ സ്ഥിതി കൃത്യമായി വിലയിരുത്തുന്നതിലും സംസ്ഥാന സർക്കാരിനും ആരോഗ്യ വകുപ്പിനും നന്ദി പറയുകയാണിവർ.
പ്രതിസന്ധിയുടെ നാളുകൾക്കുശേഷം നാട്ടിലേക്ക് മടങ്ങാനുള്ള കാത്തിരിപ്പിലാണ് ഇവർ.