കോട്ടയം: മദ്യം ലഭിക്കാൻ ഡോക്‌ടറുടെ കുറിപ്പടിയുമായി എക്‌സൈസ് റേഞ്ച് ഓഫീസിൽ അപേക്ഷ നൽകി പാറമ്പുഴ സ്വദേശി. പാറമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടറുടെ കുറിപ്പടിയിൽ മദ്യം നൽകണമെന്ന് എഴുതിയിട്ടില്ലാത്തതിനാൽ എക്‌സൈസ് തീരുമാനം എടുത്തിട്ടില്ല.

ഇന്നലെ രാവിലെയാണ് യുവാവ് പഴയ ബോട്ട് ജെട്ടിയ്‌ക്കു സമീപത്തെ എക്‌സൈസ് റേഞ്ച് ഓഫീസിൽ എത്തി അപേക്ഷ നൽകിയത്. താൻ സ്ഥിരം മദ്യപാനിയാണെന്നും മദ്യം ലഭിക്കാത്തതിനാൽ അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെന്നും ഇയാൾ നൽകിയ അപേക്ഷയിൽ പറയുന്നു. ആശുപത്രിയിലെ ഒ.പി ടിക്കറ്റിൽ ഇയാൾ സ്ഥിരം മദ്യപാനിയാണ് എന്നു പറയുന്നുണ്ടെങ്കിലും മദ്യം നൽകണമെന്നു നിർദേശിച്ചിട്ടില്ല. പകരം, മദ്യാസക്‌തി ഒഴിവാക്കാനുള്ള മൂന്നു ടാബ്‌ലറ്റുകളാണ് എഴുതിയിരിക്കുന്നത്.

ചങ്ങനാശേരി എക്‌സൈസ് റേഞ്ച് ഓഫീസിൽ നാലു പേരും ഏറ്റുമാനൂർ റേഞ്ച് ഓഫിസിൽ മൂന്നു പേരും അപേക്ഷയുടെ വിശദാംശങ്ങൾ അറിയുന്നതിനായി എത്തിയിരുന്നു.