കോട്ടയം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നാളെ മുതൽ ജില്ലയിലെ പ്രധാന ജംഗ്ഷനുകളും മാർക്കറ്റുകളും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കും. ഗ്രാമപഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാനും ജില്ലാ പഞ്ചായത്ത് യോഗത്തിൽ തീരുമാനമായി. അന്യസംസ്ഥാനത്തൊഴിലാളികൾക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമുണ്ടെങ്കിൽ അതിനും പരിഹാരം കണ്ടെത്തും. യോഗത്തിൽ പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. ശോഭ സലിമോൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സഖറിയാസ് കുതിരവേലി, ലിസമ്മ ബേബി, മാഗി ജോസഫ്, പെണ്ണമ്മ ജോസഫ്, മുൻ പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി, മറ്റ് അംഗങ്ങളായ അഡ്വ. കെ.കെ രഞ്ജിത്ത്, ബെറ്റി റോയ് മണിയങ്ങാട്ട്, അനിത രാജു, ജയേഷ് മോഹൻ, സെക്രട്ടറി മേരി ജോ തുടങ്ങിയവർ പങ്കെടുത്തു.