കോട്ടയം: ജില്ലയിലെ 62 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. കോട്ടയം ജില്ലാ പഞ്ചായത്ത്, 11 ബ്ലോക്ക് പഞ്ചായത്തുകൾ, 49 ഗ്രാമപഞ്ചായത്തുകൾ, പാലാ നഗരസഭ എന്നിവയുടെ പദ്ധതികളാണ് അംഗീകരിച്ചത്. 22 ഗ്രാമപഞ്ചായത്തുകളും അഞ്ചു നഗരസഭകളും വാർഷിക പദ്ധതി സമർപ്പിക്കാനുണ്ട്.
അംഗീകരിക്കപ്പെട്ട 62 വാർഷിക പദ്ധതികളിൽ ആകെ 526.14 കോടി രൂപയുടെ 9061 പ്രോജക്ടുകളാണുള്ളത്. ഇതിൽ ഉത്പാദന മേഖലയ്ക്കായി 68.18 കോടി രൂപയും സേവന മേഖലയ്ക്കായി 294.52 കോടി രൂപയും നീക്കിവച്ചിരിക്കുന്നു. പശ്ചാത്തല മേഖലയ്ക്ക് 163.43 കോടി രൂപയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ഡോ. ശോഭ സലിമോൻ, ആസൂത്രണ സമിതിയിലെ സർക്കാർ നോമിനി വി.പി. റെജി, സണ്ണി പാമ്പാടി, സഖറിയാസ് കുതിരവേലിൽ, ലിസമ്മ ബേബി, എം.പി. സന്തോഷ്‌കുമാർ, കെ. രാജേഷ്, ജയേഷ് മോഹൻ, അനിത രാജു, ബെറ്റി റോയ് മണിയങ്ങാട്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടെസ് പി. മാത്യു തുടങ്ങിയവർ പങ്കെടുത്തു.