ഇഗ്‌നേഷ്യസിന്റെ കണ്ണുകളിൽ ഇരുൾ തിങ്ങി. താൻ ചതിക്കപ്പെട്ടിരിക്കുന്നു!
ആ പണത്തിൽ തന്റെ ഫിംഗർ പ്രിന്റുണ്ട്.
മുറിയുടെ അങ്ങേ മൂലയിൽ നിൽക്കുകയായിരുന്ന ഡിവൈ.എസ്.പി പെട്ടെന്നു മടങ്ങിവന്നു. നോട്ടുകെട്ടിലേക്കും സി.ഐയുടെ മുഖത്തേക്കും മാറിമാറി നോക്കി.
''ഏതാടോ ഈ പണം?"
''സത്യമായിട്ടും എനിക്കറിയില്ല സാർ. അല്പം മുൻപ് ചെങ്ങറ ജ്യുവലറിയുടെ ഓണർ ഷാജി ചെങ്ങറ ഇവിടെ വന്നിരുന്നു. എന്നെ ചതിക്കാനായി അയാൾ വച്ചതായിരിക്കും ഇത്."
ഡിവൈ.എസ്.പി തല കുടഞ്ഞു.
''ഈ പറഞ്ഞ ഷാജി ഉച്ചയ്ക്ക് ഞങ്ങളെ വിളിച്ചിരുന്നു. നിങ്ങൾ ഒരു കേസ് ഒതുക്കി തീർക്കുവാൻ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പറഞ്ഞു. നമ്പർ നോട്ടുചെയ്തശേഷം നൽകിയ പണമാണിത്."
താൻ കുടുങ്ങിയെന്ന് ഇഗ്‌നേഷ്യസിനു തീർച്ചയായി. അപ്പോൾ ഡിവൈ.എസ്.പി പറയുന്നതു കേട്ടു.
''ആന്റണീ. ആ നോട്ടുകൾ നമ്മൾ കൊടുത്തതു തന്നെയാണോയെന്ന് ഒന്നു നോക്കിക്കേ."
''അതുതന്നെ സാർ..." അയാൾ പോക്കറ്റിൽ നിന്ന് നമ്പരെഴുതിയ പേപ്പർ എടുത്ത് നോട്ടുകളിലെ നമ്പരുകളുമായി ഒത്തുനോക്കി.
ഡിവൈ.എസ്.പി തുടർന്നു:
''ഞങ്ങൾ ഈ നോട്ടുകെട്ടിൽ 'ഫിനോഫ്‌തലിൻ" പൊടി വിതറിയിട്ടുണ്ട്. അതും കൂടി പരിശോധിക്കുമ്പോൾ അറിയാം മിസ്റ്റർ ഇഗ്‌നേഷ്യസ് നിങ്ങൾ പറഞ്ഞത് സത്യമാണോയെന്ന്. നേരത്തെ നിങ്ങൾ പറഞ്ഞ ഷാജി ഈ പണം ഇവിടെ ഒളിപ്പിച്ചുവച്ചതാണെങ്കിൽ നിങ്ങളുടെ കയ്യിൽ ഫിനോഫ്‌തലിൻ ഉണ്ടാവാനിടയില്ലല്ലോ?"
ഇഗ്‌നേഷ്യസിന്റെ മുഖം കുനിഞ്ഞു. ഈ പൊതിക്കെട്ട് എടുത്തു നോക്കുവാൻ തനിക്കു തോന്നിയ നിമിഷങ്ങളെ അയാൾ സ്വയം പഴിച്ചു.
വിജിലൻസ് ഉദ്യോഗസ്ഥരിൽ ഒരാൾ ലായനി എടുത്തു. പിന്നെ ഒരു മഗ്ഗും. അതിലേക്കു ലായനി പകർന്നിട്ട് സി.ഐയോടു നിർദ്ദേശിച്ചു.
''നിങ്ങൾ കൈവിരലുകൾ ഇതിൽ ഒന്നു മുക്കിപ്പിടിച്ചേ."
തന്റെ കൈകൾ തളർന്നതുപോലെ തോന്നി ഇഗ്‌നേഷ്യസിന്. അയാൾ മരവിച്ചതുപോലെ നിന്നു.
വിജിലൻസ് ഉദ്യോഗസ്ഥർ ബലമായി അയാളുടെ കൈപ്പത്തികൾ മഗ്ഗിലേക്കു താഴ്‌ത്തി അല്പനേരം പിടിച്ചു.
പിന്നെ ഉയർത്തി.
ഇഗ്‌നേഷ്യസ് കണ്ണുകൾ ഇറുക്കിയടച്ചു.
''ദേ നോക്കിക്കേ സാറേ..." ഒരാൾ ഡിവൈ.എസ്.പിയോടു പറയുന്നതുകേട്ടു.
''ഇഗ്‌നേഷ്യസ് താൻ തന്നെ നോക്ക്." ഡിവൈ.എസ്.പിയുടെ കൽപ്പന.
ഇഗ്‌നേഷ്യസ് കണ്ണ് തുറന്നു. തന്റെ വലതു കൈവിരലുകളിലേക്കു നോക്കി.
ആ വിരലുകളുടെ അകം ഭാഗം പിങ്ക്
നിറമായിരിക്കുന്നു!
ഡിവൈ.എസ്.പി പരിഹസിച്ചു. ''നിങ്ങൾ ഈ നോട്ടുകൾ കൈയിൽ വാങ്ങി. എന്നിട്ട് ഞങ്ങൾ വന്നപ്പോൾ ഒന്നും അറിയാത്തതുപോലെ നിങ്ങൾ ടീപ്പോയുടെ അടിയിൽ ഒളിപ്പിച്ചു."
ഒരവസാന ശ്രമം എന്നവണ്ണം പിടിച്ചുനിൽക്കാൻ നോക്കി ഇഗ്‌നേഷ്യസ്.
''സാർ.. ഈ മുറിക്കുള്ളിൽ സി.സി.ടിവി ക്യാമറ ഉണ്ടായിരുന്നെങ്കിൽ നിങ്ങൾക്ക് സത്യം ബോദ്ധ്യമായേനേ... ഈ പൊതിക്കെട്ടു കണ്ട് ഞാൻ അത് എടുത്തു നോക്കി എന്നത് മാത്രമാണു സത്യം. എന്റെ സർവ്വീസ് റിക്കാർഡ് പരിശോധിച്ചാൽ സാറിനു മനസ്സിലാകും. ഇന്നുവരെ ഒരു കാര്യവും നിയമം വിട്ടു ചെയ്തിട്ടില്ല ഞാൻ."
''ചെയ്യാനുള്ള അവസരം കിട്ടിയത് ഇപ്പോഴായിരിക്കും."
മറ്റൊരാൾ പറഞ്ഞു.
ഇഗ്‌നേഷ്യസ് അയാളെ രൂക്ഷമായി ഒന്നു നോക്കി.
''ടേക്ക് ഹിം."
ഡിവൈ.എസ്.പിയുടെ നിർദ്ദേശം വന്നു.
''വരണം."
നിസ്സഹായനായി വിജിലൻസ് സംഘത്തിനൊപ്പം പുറത്തേക്കു നടന്നു സി.ഐ ഇഗ്‌നേഷ്യസ്.
ആ നിമിഷം ഏതാനും വാഹനങ്ങൾ മുറ്റത്തു ബ്രേക്കിട്ടു.
മീഡിയക്കാർ...
അവരുടെ ക്യാമറക്കണ്ണുകൾ ഇഗ്‌നേഷ്യസിൽ മാത്രമായി.
എല്ലാം കൃത്യമായ ആസൂത്രണത്തോടെയാണ് നടന്നിരിക്കുന്നതെന്ന് സി.ഐ തിരിച്ചറിഞ്ഞു.
****
അടുത്ത ദിവസം രാവിലെ 8 മണി.
സിദ്ധാർത്ഥ് ഓട്ടോ സ്റ്റാന്റിലെത്തി.
അവിടുത്തെ ചർച്ച സി.ഐ ഇഗ്‌നേഷ്യസിനെക്കുറിച്ചായിരുന്നു.
''നീ രാവിലെ ന്യൂസ് ചാനൽ കാണുകയോ പത്രം വായിക്കുകയോ ചെയ്തോ?" മീറ്റർ ചാണ്ടി അവനെ നോക്കി.
''ഇല്ല. എന്തുണ്ടായി?"
''അപ്പോൾ നീ അറിഞ്ഞില്ല." ചാണ്ടി പത്രം അവന്റെ നേരെ നീട്ടി.
അതു വാങ്ങി നോക്കിയ അവൻ ആദ്യ പേജിലെ മെയിൻ ഹെഡിംഗ് ഒന്ന് കണ്ണോടിച്ചു.
''കൈക്കൂലിക്കേസിൽ സി.ഐ അറസ്റ്റിൽ."
അതിനു താഴെ സി.ഐ ഇഗ്‌നേഷ്യസിന്റെ ഫോട്ടോ.
തിടുക്കത്തിൽ സിദ്ധാർത്ഥ് ന്യൂസ് ഒന്ന് ഓടിച്ചു വായിച്ചു. ശേഷം പത്രത്തിൽ നിന്നു മുഖമുയർത്തി.
''ഇത് സത്യമാണെന്ന് എനിക്കു തോന്നുന്നില്ല. സി.ഐ സാറ് അത്തരക്കാരനല്ല. മാത്രമല്ല അദ്ദേഹം ഒരിക്കലും ഷാജി ചെങ്ങറയെപ്പോലെ ഒരാളുടെ കയ്യിൽ നിന്നു പണം വാങ്ങില്ല."
''പക്ഷേ എല്ലാ പത്രത്തിലും ഒരേ തരത്തിലുള്ള ന്യൂസും ഫോട്ടോയുമുണ്ട്." വൈറസ് മാത്യു തന്റെ കയ്യിലിരുന്ന പത്രവും ഉയർത്തിക്കാണിച്ചു.
''അങ്ങനെയായിരിക്കും അവർക്ക് ന്യൂസ് കിട്ടിയത്. സത്യം ഒരുപക്ഷേ എത്രയോ അകലെയായിരിക്കും?"
സിദ്ധാർത്ഥ് വാദിച്ചു.
അപ്പോൾ വിജിലൻസ് സംഘം എസ്.പി കൃഷ്ണപ്രസാദുമായി സംസാരിക്കുകയായിരുന്നു.
''സാർ... പാകിസ്ഥാൻ നിർമ്മിത പന്ത്രണ്ട് ബുള്ളറ്റുകൾ പിടിച്ചെടുത്ത കാറിൽ ഉണ്ടായിരുന്നുവെന്ന് അയാൾ പറഞ്ഞു."
(തുടരും)