ss

വിഴിഞ്ഞം: അന്താരാഷ്ട്രതുറമുഖ പദ്ധതിയുടെ ഭാഗമായി സ്ഥലവും തൊഴിലും വിട്ട് നൽകിയവരുടെ പുനരധിവാസ പദ്ധതി നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ പുലിമുട്ട് നിർമ്മാണത്തിനുള്ള കരിങ്കകല്ലുകളുമായി വന്ന ലോറികൾ തടഞ്ഞു. വള്ളങ്ങൾ നിരത്തിയാണ് ഇവർ വാഹനങ്ങൾ തടഞ്ഞത്. വിഴിഞ്ഞം എസ്.ഐ.എസ്.എസ് സജിയും സംഘവും ഉപരോധക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വിഴിഞ്ഞം അദാനി തുറമുഖ സി.ഇ.ഒ ഗോപിനാഥൻ സ്ഥലതെത്തി വിഴിഞ്ഞം ഇടവ വികാരി ജസ്റ്റിൻ ജൂഡൻ, സെകട്ടറി ബെനാൻസൻ ലോപ്പസ് എന്നവരുമായി ചർച്ച നടത്തി. കമ്പവല തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെട്ടതിനാൽ ഇവർക്ക് ആഴക്കടൽ മീൻപിടിത്തം നടത്തുന്നതിന് വള്ളം ഉടമകൾക്ക് പ്രതിമാസം 120 ലിറ്റർ മണ്ണെണ്ണ സൗജന്യമായി നൽകുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. പദ്ധതി പ്രദേശത്തെ തുറമുഖറോഡിനായി ഇവിടത്തെ കുന്നുകൾ നിരത്തി റോഡ് നിർമ്മിച്ചതിനെ തുടർന്ന് കരിമ്പള്ളിക്കര പച്ചക്കായ് എന്ന സ്ഥലത്തുളള തങ്ങളുടെ ആരാധനാലയത്തിലേക്ക് പോകാൻ പറ്റുന്നില്ലെന്ന് ഇടകവകയുടെ കൗൺസിൽ അംഗങ്ങൾ പരാതിപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളും പരാതികളും 11 ​ന് കളക്ടറേറ്റിൽ കൂടുന്ന ഉന്നത യോഗത്തിൽ തീർപ്പ് കൽപ്പിക്കാനുളള നടപടിയെടുക്കാമെന്ന് അദാനി തുറമുഖ കമ്പനി പ്രതിനിധി അറിച്ചതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.