ss

കോവളം: വിഴിഞ്ഞം പുളിങ്കുടിയിലെ ആംഡ് റിസർവ് പൊലീസ് ക്യാമ്പ് വളപ്പിലെ തുരുമ്പിച്ച വാഹനങ്ങൾ കത്തിനശിച്ചു. ഇരുപതോളം ഇരുചക്രവ വാഹനങ്ങൾ, പഴയ പൊലീസ് വാനുകൾ അഞ്ച് ആട്ടോറിക്ഷകൾ രണ്ട് വലിയ വാഹനങ്ങൾ എന്നിവയാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയായിരുന്നു സംഭവം. ചില വാഹനങ്ങളിലെ ഡീസലിന്റെ അംശമുള്ള ടാങ്കുകൾ പൊട്ടിത്തെറിച്ചു. പഴകി തുരുമ്പിച്ച വാഹനങ്ങളുടെ സീറ്റുകളും ടയറുകളും കത്തിയതോടെ പരിസരമാകെ പുക മൂടി. വിഴിഞ്ഞത്തും പൂവാറിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തി തീ അണച്ചു. കഴിഞ്ഞ ദിവസം ബാരക്കിന് സമീപത്തുള്ള പുരയിടത്തിലെ കാടുകൾ ജെ.സി.ബി കൊണ്ട് വൃത്തിയാക്കിയിരുന്നു. തുടർന്ന് കരിയിലകളും വെട്ടിമാറ്റിയ പുല്ലും മറ്റും കത്തിച്ചതായി പൊലീസുകാർ പറഞ്ഞു. ഇതിൽ നിന്നുള്ള തീപ്പൊരിയാകാം തീ പിടിത്തത്തിനു കാരണമെന്നാണ് നിഗമനം. വിഴിഞ്ഞം ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫീസർ ടി.കെ. രവീന്ദ്രൻ, സീനീയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എസ്. രാജശേഖരൻ നായർ, ഫയർ ഒാഫീസർമാരായ അജിത്കുമാർ, ശ്രീകുമാർ, മോഹൻ, രഞ്ജിത്, ശശികുമാർ, രതീഷ്, ലൈജു, വൈജേന്ദ്രകുമാർ തുടങ്ങിയവരാണ് തീ അണയ്ക്കലിന് നേതൃത്വം നൽകിയത്.