വാഷിംഗ്ടൺ: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ബാധയില്‍ അമേരിക്കയിൽ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ തലസ്ഥാനമായ വാഷിംഗ്ടണിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. വാഷിംഗ്ടണിലെ കിംഗ് കൗണ്ടിയില്‍ താമസിക്കുന്ന 50 വയസുള്ള പുരുഷനാണ് മരിച്ചതെന്ന് യു.എസ് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. 22 പേർക്കാണ് അമേരിക്കയിൽ കൊറോണ ബാധിച്ചിട്ടുള്ളതെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.
കൊവിഡ്-19 വൈറസ് ബാധിച്ച് ഒരാൾ മരിച്ചതോടെ യാത്രവിലക്കും അമേരിക്ക കർശനമാക്കിയിട്ടുണ്ട്. ഇറാൻ, ഇറ്റലി, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളെ ബാധിക്കുന്ന പുതിയ യാത്രവിലക്ക് അമേരിക്ക പ്രഖ്യാപിച്ചു. ഇറാനിൽ നിന്നുള്ള യാത്രവിലക്ക് 14 ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചതായി വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പറഞ്ഞു. കൊറോണ ബാധ റിപ്പോർട്ട് ചെയ്ത ഇറ്റലി, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലേക്ക് അമേരിക്കൻ പൗരൻമാർ യാത്ര നടത്തരുതെന്നും നിർദേശിച്ചിട്ടുണ്ട്. ചൈനയിൽ നിന്ന് വരുന്നവർക്ക് യു.എസ് നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു.
അതേസമയം, ബ്രിട്ടണും കൊറോണ ഭീതിയിലാണ്. നിരീക്ഷണത്തിലായിരുന്ന 20ാമത്തെയാൾക്കാണ് അണുബാധ കണ്ടെത്തിയത്. കഴിഞ്ഞ രാത്രിയാണ് ബ്രിട്ടീഷ് സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചത്. സറെയിൽ നിന്നുള്ള രോഗി അടുത്തിടെ ഹസ്‌ലെമെർ ഹെൽത്ത് സെന്ററിൽ ചികിത്സ തേടിയിരുന്നു. സ്ഥിരീകരിച്ച മറ്റൊരു കേസും സറേയിൽ നിന്നുള്ളതാണെന്ന് ആശങ്ക വർദ്ധിപ്പിക്കുന്നു. രോഗബാധിതനെ ചികിത്സിച്ച ഡോക്ടറിലേക്കും രോഗമുണ്ടായതായി സംശയിക്കുന്നു.
യു.കെയിൽ ഇതുവരെ ആരും മരിച്ചിട്ടില്ലെങ്കിലും ഇന്നലെ ഡയമണ്ട് പ്രിൻസസ് കപ്പലിലെ ഒരു ബ്രിട്ടീഷ് പൗരൻ മരിച്ചു സ്ഥിതി കൂടുതൽ വഷളായാൽ സെെന്യത്തെ വിന്യസിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. 61ഓളം രാജ്യങ്ങളിലായി പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധയില്‍ ഇതുവരെ 2933 ആളുകള്‍ മരിച്ചു. 85,700ലേറെ ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ മാത്രം കൊറോണ ബാധിച്ചുള്ള മരണം 2835 ആയി.