ദുബായ്: കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ യു.എ.ഇയിൽ നഴ്സറി വിദ്യാലയങ്ങൾക്ക് ഇന്ന് മുതൽ രണ്ടാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു. മുൻ കരുതൽ നടപടി എന്ന നിലയിലാണ് അവധി പ്രഖ്യാപിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കുട്ടികൾക്ക് ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് നോളജ് ആൻഡ് ഹ്യൂമനിറ്റേറിയൻ ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു. വിദ്യാർത്ഥികളുടെ എല്ലാ പരിപാടികളും നിർത്തിവെച്ചതായി വിദ്യാഭ്യാസ മന്ത്രി ഹുസൈൻ അൽ ഹമ്മാദി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇറാൻ,ഖിഷമി,ടെഹ്‌റാനി എന്നിവടങ്ങളിലെ യു.എ.ഇ സ്വദേശികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
യു.എ.ഇയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം ഇരുപത്തൊന്നായെന്ന് ആരോഗ്യ–രോഗപ്രതിരോധ മന്ത്രി അബ്ദുൽ റഹ് മാൻ ബിൻ മുഹമ്മദ് അൽ ഉവൈസ് അറിയിച്ചു. ഇതിൽ അഞ്ച് പേരുടെ അസുഖം ഭേദമായി. എമിറേറ്റ് ടൂറിൽ പങ്കെടുക്കാനെത്തിയ സംഘത്തിനൊപ്പമുണ്ടായിരുന്ന രണ്ട് സാങ്കേതിക വിദഗ്ദർക്കാണ് രോഗം ബാധിച്ചതെന്നും ഇവരുമായി ഇടപഴകിയവരെ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.