v-muraleedharan

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതി പ്രകാരം രണ്ട് ലക്ഷം വീടുകളുടെ നിർമാണം വിജയകരമായി പൂർത്തിയാക്കിയെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ലൈഫ് മിഷൻ എന്ന പേരിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും വിഹിതങ്ങൾ എത്രയെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ ജനങ്ങൾക്ക് എല്ലാം മനസിലാകുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.

'രണ്ട് ലക്ഷത്തിലധികം വീടുകൾ ലൈഫ് പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നിർമിച്ചുവെന്നാണ് പറയുന്നത്. നല്ല കാര്യം,​ അങ്ങനെ വീടുണ്ടാക്കണ്ട എന്നൊന്നും പറയുന്നില്ല. പക്ഷേ ഈ ലൈഫ് പദ്ധതി എന്ന പേരിൽ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് വേണ്ടി കേന്ദ്ര സർക്കാരിൽ നിന്ന് എത്ര തുക കിട്ടിയെന്നു കൂടി ബഹുമാന്യനായ മുഖ്യമന്ത്രി പറഞ്ഞാൽ ഇതിൽ സംസ്ഥാന സർക്കാരിന്റെ പങ്ക് എത്രയുണ്ട്,​ കേന്ദ്ര സർക്കാരിന്റെ പങ്ക് എത്രയുണ്ടെന്ന് നാട്ടിലെ ജനങ്ങൾക്ക് കൃത്യമായി മനസിലാകും. കേരളത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നിരവധി പദ്ധതികൾ,​ ആ പദ്ധതികളുടെയൊക്കെ വലിയൊരംശം കേന്ദ്രം നൽകിക്കൊണ്ടിരിക്കുന്ന സഹായമാണ്. അതൊരു ഔദാര്യമായിട്ടൊന്നും പറയുകയല്ല'- മുരളീധരൻ പറഞ്ഞു.

സമഗ്രവികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പല സാമൂഹ്യ സുരക്ഷാപദ്ധതികളും ജനങ്ങളിലേക്ക് എത്താതിരിക്കാന്‍ സംസ്ഥാന സർക്കാർ തന്നെ ഇടങ്കോലിടുന്നത് വേദനാജനകമാണെന്ന് മുരളീധരൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. കേന്ദ്രപദ്ധതികളെ പേരുമാറ്റി സംസ്ഥാനത്തിന്റെ അക്കൗണ്ടിലാക്കുകയും, കേന്ദ്രത്തെ പൂര്‍ണ്ണമായി ചിത്രത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്യുന്നവരുടേത് തരം താണ രാഷ്ട്രീയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പിണറായി സർക്കാർ ലൈഫ് മിഷൻ എന്ന പേരിൽ രണ്ടു ലക്ഷം വീടുകൾ നിർമ്മിച്ച് നൽകുമ്പോൾ അതിൽ കേന്ദ്ര വിഹിതം എത്രയെന്ന് പറയാതെ ഒളിച്ചു കളിക്കുകയാണ്.
വികസനം പ്രാദേശികതലത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ പ്രവർത്തിക്കേണ്ടത്. തൊഴിലുറപ്പ് പദ്ധതിയിൽ സോഷ്യൽ ഓഡിറ്റ് നടത്തിയതിന് എബി ജോർജെന്ന ഉദ്യോഗസ്ഥനെ വേട്ടയാടിയതിന് പിണറായി സർക്കാർ മറുപടി പറഞ്ഞേ മതിയാകൂ. ദേശീയ ജനസംഖ്യാ രജിസ്റ്ററിന് വിവരം കൈമാറരുത് എന്ന് പ്രചരിപ്പിക്കുന്ന സംസ്ഥാന സർക്കാർ ഇവിടത്തെ സാധാരണക്കാരായ ജനങ്ങളെയാണ് ബുദ്ധിമുട്ടിലാക്കുന്നത്. ന്യൂനപക്ഷങ്ങളോട് കേന്ദ്രം വിവേചനം കാട്ടുന്നു എന്നതാണ് മറ്റൊരു പ്രചാരണം. നരേന്ദ്ര മോദി സർക്കാരിന്റെ വികസനപദ്ധതികൾ പരിശോധിച്ചാലറിയാം, അവ ജാതി മത വർഗ്ഗ വിവേചനമില്ലാതെയാണ് നടപ്പാക്കുന്നത്.

സമഗ്രവികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പല സാമൂഹ്യസുരക്ഷാപദ്ധതികളും ജനങ്ങളിലേക്ക് എത്താതിരിക്കാന്‍ സംസ്ഥാന സർക്കാർ തന്നെ ഇടങ്കോലിടുന്നത് വേദനാജനകമാണ്. കേന്ദ്രപദ്ധതികളെ പേരുമാറ്റി സംസ്ഥാനത്തിന്റെ അക്കൗണ്ടിലാക്കുകയും കേന്ദ്രത്തെ പൂര്‍ണ്ണമായി ചിത്രത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്യുന്നവരുടേത് തരം താണ രാഷ്ട്രീയമാണ്. അവിടെയാണ്
കര്‍മ്മശേഷികൊണ്ടും ജനകീയപങ്കാളിത്തം കൊണ്ടും പാലക്കാട് നഗരസഭ വേറിട്ട് നില്‍ക്കുന്നത്. നഗരസഭയുടെ വിവിധ ഡിവിഷനുകളില്‍ പൂര്‍ത്തീകരിച്ചതും നിര്‍മ്മാണം തുടങ്ങിയതുമായ വിവിധ ക്ഷേമ, വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നിര്‍വഹിക്കാനായതിൽ ഏറെ സന്തോഷം. കൽമണ്ഡപം ബസ് ടെർമിനൽ ശിലാസ്ഥാപനം, സിസിടിവി ക്യാമറകൾ, ഫുട്ട് ഓവർ ബ്രിഡ്ജ്, കൊപ്പം പ്രൈമറി ഹെൽത്ത് സെന്റർ, മൂന്ന് സ്കൂളുകളിൽ സോളാർ പ്ലാൻറ്, പ്രധാനമന്ത്രി ആവാസ് യോജന ബിൽഡിങ് പെർമിറ്റ് തുടങ്ങിയ പരിപാടികളിലൂടെ ജനപക്ഷത്തെ ആവശ്യങ്ങൾ പ്രവർത്തന സജ്ജമാക്കിയ പാലക്കാട് നഗരസഭയ്ക്ക് കൂടുതൽ മുന്നേറാൻ എല്ലാ ഭാവുകങ്ങളും നേരുന്നു.