nasa

വുഹാൻ: ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് കഴിഞ്ഞ രണ്ട് മാസങ്ങളായി ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തുകയാണ്. എന്നാൽ കോവിഡ് 19 റിപ്പോർട്ട് ചെയ്തതോടെ ചൈനയിൽ മലിനീകരണത്തിൽ ഗണ്യമായ കുറവുണ്ടായി എന്ന കൗതുകകരമായ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. നാസ പുറത്ത് വിട്ട സാറ്റ്‌ലൈറ്റ് ചിത്രങ്ങളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

വാഹനങ്ങൾ, വൈദ്യുത നിലയങ്ങൾ, ഫാക്ടറികൾ എന്നിവയിൽ നിന്നുള്ള വിഷവാതകങ്ങളുടെ അളവ് മുമ്പത്തെ അപേക്ഷിച്ച് കുറ‌ഞ്ഞുവെന്നാണ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. രാജ്യത്ത് വൈറസ് റിപ്പോർട്ട് ചെയ്തതോടെ വ്യാവസായ സ്ഥാപനങ്ങളും മറ്റും അടച്ചുപൂട്ടിയിരുന്നു. ഇതാകാം മലിനീകരണ തോത് കുറയാൻ കാരണമെന്ന് നാസ പറയുന്നു.

ജനുവരി മുതൽ ഫെബ്രുവരി 25 വരെയുള്ള മലിനീകരണ തോതാണ് നാസ താരതമ്യം ചെയ്തിരിക്കുന്നത്.
കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാന് സമീപമാണ് മലിനീകരണം ആദ്യം കുറഞ്ഞത്. പതിയെ മറ്റ് സ്ഥലങ്ങളിലും മാറ്റമുണ്ടായെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു

nasa

ഫെബ്രുവരി പകുതിയോടെ കേവലം രണ്ടാഴ്ചയ്ക്കുള്ളിൽ കൊറോണ വൈറസ് മലിനീകരണം തുടച്ചു നീക്കിയതായി ശാസ്ത്രജ്ഞർ മുമ്പ് കണ്ടെത്തിയിട്ടുണ്ട്. ചൈനയിൽ 80,000 ത്തോളം പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 2,900 പേർ രോഗം മൂലം മരിച്ചു.