സംസ്ഥാന സർക്കാരിന്റെ ലെെഫ് മിഷൻ പദ്ധതിയെ രൂക്ഷമായി വിമർശിച്ച് അനിൽ അക്കരെ എം.എൽ.എ. സംസ്ഥാന സർക്കാർ ലെെഫ് മിഷൻ പദ്ധതിയിൽ നിർമിച്ചവീടുകൾ കേന്ദ്ര സർക്കാരിന്റെ "പ്രധാനമന്ത്രി ആവാസ് യോജന" സ്കീമിൽ പെട്ടതാണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. സർക്കാരിന്റെ ലെെഫ് പദ്ധതി തട്ടിപ്പാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം വിമർശനമുന്നയിച്ചിരുന്നു.
തദ്ദേശഫണ്ടും കേന്ദ്രഫണ്ടും വായ്പയും ഉപയോഗിച്ചാണ് വീടുകള്‍ വച്ചതെന്നും, 52,000 വീടുകൾ മുൻ സർക്കാർ നിർമാണം ആരംഭിച്ചതാണെന്നുമായിരുന്നു പ്രതിപക്ഷനേതാവിന്റെ വാദം. ഇതിനു പിന്നാലെയാണ് അനിൽ അക്കരെയുടെ വിമർശനം. 2,14,000ത്തിലേറെ വീടുകളാണ് പൂർത്തീകരിച്ചതെന്നാണ് സർക്കാർ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയില്‍ സര്‍ക്കാരുകള്‍ ഏറ്റെടുത്ത് നടത്തുന്ന ഭവനനിര്‍മ്മാണ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ കുറഞ്ഞ സമയത്ത് പൂര്‍ത്തീകരിക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതൊക്കെ തള്ളിക്കൊണ്ടാണ് കോൺഗ്രസ് എം.എൽ.എയുടെ വിമർശനം. "പിണറായിയുടെ സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് വേണ്ട, പിന്നെ നിങ്ങൾ നന്നായത് കഴിഞ്ഞതിന്റെ മുന്നത്തെ, മണ്ഡലകാലത്ത് കേരളം കണ്ടു"-അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പിണറായിയുടെ സർട്ടിഫിക്കറ്റ്
ഞങ്ങൾക്ക് വേണ്ട,
പിന്നെ നിങ്ങൾ നന്നായത്
കഴിഞ്ഞതിന്റെ മുന്നത്തെ, മണ്ഡലകാലത്ത്
കേരളം കണ്ടു....
എന്റെ മണ്ഡലമായ വടക്കാഞ്ചേരിയിൽ ഇപ്പോൾ
രണ്ടായിരത്തോളം വീടുകൾ കിട്ടിയിട്ടുണ്ട് അതിൽ
ആയിരത്തി തൊള്ളായിരം വീട്
കേന്ദ്രസർക്കാരിന്റെ
Pmay സ്കീമിൽ പെട്ടതാണ്.
അതുകൊണ്ട് നിങ്ങളുടെ
ഒപ്പം തള്ളാൻ
പ്രതിപക്ഷത്തെ കിട്ടില്ല...
അതേസമയം, പ്രതിപക്ഷത്തിന്റെ വിമർശനത്തിന് നേരത്തെ മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. ‘പൂർത്തിയാക്കാൻ കഴിയാത്ത വീടുകൾ പൂർത്തീകരിച്ചതിന്റെ ക്രെഡിറ്റ് പ്രതിപക്ഷനേതാവിന് വേണമെങ്കിൽ എടുത്തോട്ടെ, ഞങ്ങൾക്ക് വേണ്ട. അവരുടെ വീടുകൾ പൂർത്തിയാക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഞങ്ങൾക്ക് പ്രധാനം. അക്കാര്യത്തിൽ ഒരു മിഥ്യാഭിമാനവും ഞങ്ങൾക്കില്ല’ എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം വീടുകൾ നിർമിച്ച് നൽകിയത്– 32,388 എണ്ണം. പാലക്കാട്–24,898, കൊല്ലം–18,470 ജില്ലകൾ തൊട്ടുപിന്നിലുണ്ട്. പത്തനംതിട്ട 5,594, ആലപ്പുഴ 15,880, കോട്ടയം 7,983, ഇടുക്കി 13,531, എറണാകുളം 14,901, തൃശൂർ 15,604, മലപ്പുറം 17,994, കോഴിക്കോട് 16,381, വയനാട് 13,596, കണ്ണൂർ 9,236, കാസർകോട് 7,688 എന്നിങ്ങനെയും പൂർത്തിയാക്കി. 2,14,000 ത്തിലേറെ വീടുകളാണ് പൂര്‍ത്തീകരിച്ചതെന്നാണ് കണക്കുകൾ.