കണ്ണൂർ: കൊട്ടിയൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ശിക്ഷിക്കപ്പെട്ട റോബിൻ വടക്കുംചേരിയെ വൈദിക വൃത്തിയിൽ നിന്ന് പുറത്താക്കി. പ്രത്യേക അധികാരം ഉപയോഗിച്ച് മാർപ്പാപ്പയുടേയാണ് നടപടി.
മാനന്തവാടി രൂപതയ്ക്ക് കഴിഞ്ഞ ദിവസമാണ് റോബിനെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നത്. 2016ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പളളിമുറിയിൽ കമ്പ്യൂട്ടർ പഠിക്കാനെത്തിയ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഫാദർ റോബിൻ വടക്കുംചേരി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്.
2017 ഫെബ്രുവരി ഏഴിനാണ് തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പെൺകുട്ടി പ്രസവിച്ചത്. വാദം തുടരുന്നതിനിടെ പെൺകുട്ടിയും മാതാപിതാക്കളും മൊഴിമാറ്റിയിരുന്നു. പീഡനസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നെന്നും, സ്വന്തം പിതാവാണ് പീഡിപ്പിച്ചതെന്നും വരുത്തിതീർക്കാൻ ശ്രമമുണ്ടായിരുന്നു. ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റോബിൻ വടക്കുംചേരിക്ക് 20വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മൂന്ന് വകുപ്പുകളുമായി ഇരുപത് വർഷത്തെ കഠിന തടവാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്