രഞ്ജു രഞ്ജിമാർ എന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റിനെ അറിയാത്തവർ ചുരുക്കമായിരിക്കും. റിമി ടോമി, ഭാവന എന്നുവേണ്ട നമ്മുടെ മിക്ക നായികമാരെയും അണിയിച്ചൊരുക്കുന്നത് രഞ്ജു രഞ്ജിമാരാണ്. മേക്കപ്പിനെപ്പോലെതന്നെ വാഹനങ്ങളോടും രഞ്ജുവിന് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഇപ്പോഴിതാ കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവിലൂടെ ഒരു അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അവർ.
'വണ്ടി ഇടിക്കുക എന്നൊക്കെ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. ഇടിച്ച് കിടക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം ഞാൻ ആലോചിക്കും ഈശ്വരാ ഇതെങ്ങനെ സംഭവിക്കുന്നുന്നതെന്ന്. എന്റെ വണ്ടി മറ്റൊരു വണ്ടിയിൽ പോയി തട്ടിയാലും, നേരെ തിരിച്ചായാലും രണ്ടുപേർക്കും കുഴപ്പമാണ്. ഒരു ലക്ഷം രൂപയുടെ വണ്ടിയായാലും 15ലക്ഷം രൂപയുടെ വണ്ടിയായാലും നമ്മൾ അധ്വാനിച്ച പണമാണ്. അതിനകത്ത് ഒരു പോറൽ വീണാൽ അത് പറഞ്ഞറിയിക്കാൻ പറ്റാത്ത സങ്കടമാണ്. അത് ഫെയ്സ് ചെയ്തൊരു വ്യക്തിയാണ് ഞാൻ. 2020 ജനുവരി നാലിന് എന്റെ ജീപ്പ് കോംപസ് ആക്സിഡന്റായി. ഒരു ആംബുലൻസാണ് വന്ന് ഇടിച്ചത്. അതിനകത്ത് രോഗിയുണ്ടായിരുന്നില്ല.എന്നിട്ടും സൈറൺ മുഴക്കിയാണ് ആംബുലൻസ് പോയത്. എൻറെ മുന്നിൽ വന്ന് വട്ടം കറങ്ങി വണ്ടിയിലിടിച്ചു. ദൈവാധീനം കൊണ്ട് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു'-രഞ്ജു രഞ്ജിമാർ പറഞ്ഞു.