അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ച് ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. ലോകത്തിലെ ഏറ്രവും വലിയ ജനാധിപത്യരാജ്യവും ഏറ്രവും നല്ല ജനാധിപത്യ രാജ്യവും തമ്മിലുള്ള തന്ത്രപരമായ ബന്ധം ഊട്ടിയുറപ്പിക്കാൻ ആവശ്യമായ നയതന്ത്ര നിക്ഷേപമാണ് സന്ദർശനമെന്നാണ് ഒരു വാദം. എന്നാൽ ഇരുരാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാരുടെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയിട്ടുള്ള രാഷ്ട്രീയ മാമാങ്കമായിരുന്നു സന്ദർശനം എന്നതാണ് മറുവാദം.
നയതന്ത്ര നിക്ഷേപമോ ?
രാഷ്ട്രത്തലവന്മാർ തമ്മിലുള്ള ഉച്ചകോടികൾക്ക് വളരെ പ്രാധാന്യമുണ്ട്. യോജിച്ച മേഖലയിൽ കൂട്ടായി പ്രവർത്തിക്കാനും അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനും സഹകരണത്തിനുള്ള മേഖലകൾ കണ്ടെത്താനും ഊഷ്മളമായ ബന്ധം നിലനിറുത്താനും ഇത്തരം കൂടിക്കാഴ്ചകൾക്ക് കഴിയും. ഇന്ത്യയും അമേരിക്കയും തമ്മിൽ പല മേഖലകളിലും അഭിപ്രായ വ്യത്യാസമുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യാപാരത്തർക്കങ്ങൾ. ചില സാധനങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് നല്കിക്കൊണ്ടിരിക്കുന്ന നികുതിയിളവ് ഉൾപ്പടെയുള്ള പ്രത്യേക പരിഗണനകൾ അമേരിക്ക റദ്ദാക്കിയിരുന്നു. ഇത് പുന:സ്ഥാപിച്ച് കിട്ടണമെന്നത് ഇന്ത്യയുടെ പ്രധാന ആവശ്യമാണ്. എന്നാൽ ഇക്കാര്യത്തിൽ ധാരണയിലെത്താൻ സന്ദർശനവേളയിൽ കഴിഞ്ഞിട്ടില്ല. വ്യക്തമായ കാരണങ്ങളുണ്ടിതിന്.
അമേരിക്കയിൽ തിരഞ്ഞെടുപ്പ് വേളയാണിത്. ട്രംപിന്റെ ഏറ്രവും മൂർച്ചയേറിയ തിരഞ്ഞെടുപ്പ് ആയുധമാണ് അമേരിക്ക സാമ്പത്തികമായി കരകയറി എന്ന വാദം. ചുങ്കരാജാക്കന്മാരായ ഇന്ത്യയെയും ചൈനയെയും നിലയ്ക്ക് നിറുത്തി നേടിയതാണ് ഈ നേട്ടം. ഈ ഘട്ടത്തിൽ ഇന്ത്യയ്ക്ക് നികുതി ഇളവുകൾ നല്കുന്നത് രാഷ്ട്രീയ വിഡ്ഢിത്തമാണ്. മാത്രവുമല്ല, ഇപ്രകാരം നികുതി ഇളവുകൾ അനുവദിക്കുക ട്രംപിന്റെ നയമല്ല, കാരണം അദ്ദേഹത്തിന്റ വിദേശനയത്തിന്റെ ഒരു പ്രധാനലക്ഷ്യം സാമ്പത്തിക നേട്ടമാണ്. അതേസമയം സമവായത്തിലൂടെ വ്യാപാരത്തർക്കങ്ങൾ പറഞ്ഞുതീർക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നുണ്ട്. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ടും ഇരുരാജ്യങ്ങളും തമ്മിൽ തർക്കങ്ങളുണ്ട്.
സന്ദർശനവേളയിലെ ഒരു പ്രധാന നേട്ടമായി കണ്ടത് ഇന്ത്യൻ സേനയ്ക്കായി വാങ്ങിയ ഹെലികോപ്ടർ ഇടപാടാണ്. ഇന്ത്യയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് ആവശ്യമാണെന്ന് ഒരു ഭാഗം വാദിക്കുമ്പോൾ ഇന്ത്യയെ അമേരിക്കയുടെ ആയുധക്കമ്പോളമാക്കുമെന്ന് മറുഭാഗം കുറ്റപ്പെടുത്തുന്നു. സമഗ്ര ആഗോള തന്ത്രപര പങ്കാളികളായി ബന്ധം ഉയർത്തപ്പെട്ടത് നേട്ടമായി വിലയിരുത്തപ്പെടുന്നു. സൈനികവും സുരക്ഷാപരവുമായ കാര്യങ്ങളിൽ ഇനി കൂടുതൽ സഹകരണങ്ങൾ ഉണ്ടാവും. ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി, ന്യൂക്ളിയർ സപ്ളൈയേഴ്സ് ഗ്രൂപ്പ് എന്നിവയുടെ അംഗത്വത്തിന് ഇന്ത്യയെ പിന്തുണയ്ക്കുക വഴി അമേരിക്ക ആഗോള നേതൃത്വത്തിലേക്ക് ഇന്ത്യയെ കൈപിടിച്ചുയർത്തുമെന്ന് കരുതുന്നവരുണ്ട്. തന്ത്രപരമായ ബന്ധത്തിന് വളരെ പ്രാധാന്യമുണ്ട്.
ഇന്ത്യയുടെ അയൽപ്പക്കത്തും ആഗോളഭൗമ രാഷ്ട്രീയ ശാക്തിക ബലാബലത്തിലും അനവധി ഭീഷണികൾ ഇന്ത്യ നേരിടുന്നുണ്ട്. അയൽപ്പക്കത്ത് പാകിസ്ഥാനും ചൈനയും ഉയർത്തുന്ന ഭീഷണി ചെറുതല്ല. ഏഷ്യയിലും ആഗോളരംഗത്തും ഇന്ത്യയ്ക്ക് തടയിടാൻ ഇന്തോ പസഫിക് മേഖലയിൽ ചൈന വലിയ സുരക്ഷാഭീഷണിയാണ്. ചൈനയ്ക്ക് ഇന്ത്യയുടെ വൻശക്തി മോഹങ്ങൾക്ക് തടയിടാൻ കെല്പുണ്ട്. ഇത്തരത്തിൽ പ്രാദേശികവും അന്താരാഷ്ട്രീയവുമായ ഭീഷണികൾ നേരിടാൻ ഇന്ത്യയുടെ അമേരിക്കയുടെ ചങ്ങാത്തം ആവശ്യമാണ്. ചൈനയുടെ വർദ്ധിക്കുന്ന സ്വാധീനത്തിന് തടയിടാൻ അമേരിക്കയ്ക്ക് ഇന്ത്യയുടെ സഹായം കൂടിയേ തീരൂ. സമഗ്ര തന്ത്രപരമായ ബന്ധത്തിന്റെ പൊരുൾ ഇതാണ്. ഈ സാഹചര്യത്തിൽ ചില നഷ്ടങ്ങൾ സഹിച്ചാണെങ്കിലും അമേരിക്കയെ സഹിക്കേണ്ടതുണ്ട്. ഇതിനോടൊപ്പം തന്നെ ചേർത്ത് വായിക്കാവുന്നതാണ് ഐ.എസ്.ആർ.ഒയും നാസയും ചേർന്നുള്ള സംയുക്ത സംരംഭം, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ സംരഭങ്ങൾ , ഭീകരവാദം പ്രത്യേകിച്ചും പാകിസ്ഥാനിൽ നിന്നും തുടച്ചുനീക്കാനുള്ള തീരുമാനം ഒക്കെ.
രാഷ്ട്രീയ മാമാങ്കമോ?
ആഭ്യന്തര രാഷ്ട്രീയത്തിൽ ഇരുനേതാക്കൾക്കും ചില വെല്ലുവിളികളുണ്ട്. ട്രംപ് രണ്ടാംപ്രാവശ്യവും പ്രസിഡന്റാവാൻ മത്സരിക്കുകയാണ്. അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ സാമ്പത്തികവും ജനകീയവുമായ പിന്തുണ ട്രംപിന് ആവശ്യമാണ്. അഹമ്മദാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ നമസ്തേ ട്രംപ് മെഗാഷോ എല്ലാ അർത്ഥത്തിലും ട്രംപിന് ഗുണം ചെയ്യും. അമേരിക്കയിൽ തിരിച്ചെത്തിയ ട്രംപ് ഇന്ത്യയിൽ ലഭിച്ച വമ്പിച്ച സ്വീകരണത്തെക്കുറിച്ച് വലിയ അഭിമാനത്തോടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണവേദികളിൽ സംസാരിക്കുന്നത്.
നരേന്ദ്രമോദിയെ സംബന്ധിച്ചിടത്തോളവും കാശ്മീർ , പൗരത്വനിയമം, സാമ്പത്തികമാന്ദ്യം തുടങ്ങിയ പ്രശ്നങ്ങളിൽ പ്രതിരോധത്തിലാണ്. പൗരത്വ വിഷയത്തിൽ അന്താരാഷ്ട്ര വിമർശനം നേരിടുന്ന മോദിക്ക് ട്രംപിന്റെ സന്ദർശനം ഒരു കവചമാണ്. അമേരിക്ക പിന്തുണച്ചാൽ പല ലോകരാജ്യങ്ങളും ഇക്കാര്യത്തിൽ മൗനം പാലിക്കും. ഇത്തരം കാര്യങ്ങൾ ഇന്ത്യയുടെ ആഭ്യന്തരകാര്യമെന്നാണ് ട്രംപിന്റെ പക്ഷം. ലോകത്തിലെ ഏറ്റവും ശക്തനായ വെള്ളക്കാരൻ ഭരണാധികാരിയെ കരവലയത്തിലൊതുക്കാൻ കഴിയുന്നത് ഇന്ത്യയ്ക്ക് അഭിമാന മുഹൂർത്തമാണ്.
പ്രതീകാത്മകമായ പ്രാധാന്യം മാത്രമേ ഇതിനുള്ളൂ എങ്കിലും വെള്ളക്കാരൻ ഭരിച്ചിരുന്ന ഇന്ത്യയിൽ ഇത്തരം സന്ദർശനങ്ങൾക്ക് രാഷ്ട്രീയ ലാഭം കൊയ്യാൻ കഴിയും. മോദി ഇന്ന് ട്രംപിനെ മെരുക്കിയ നേതാവാണ്. യഥാർത്ഥത്തിൽ എന്താണ് ഈ സന്ദർശനത്തിന്റെ പ്രസക്തി? നാല് കാര്യങ്ങളിലേക്ക് ഇവയെ ചുരുക്കാം. ഒന്ന്, ഇന്ത്യ അമേരിക്ക ബന്ധം, സമീപഭാവിയിൽ ശക്തമായി തുടരും. ചരിത്രത്തിന്റെ സംശയങ്ങൾക്ക് തത്കാലം പ്രസക്തിയില്ല. രണ്ട്, വ്യാപാരത്തർക്കങ്ങൾ തുടർന്നാലും തന്ത്രപരമായ ബന്ധത്തിന് കോട്ടംതട്ടുകയില്ല. മൂന്ന്, പ്രതിരോധ സുരക്ഷാ സഹകരണങ്ങൾ വർദ്ധിക്കും. നാല് ആഭ്യന്തര രാഷ്ട്രീയത്തിൽ ഇരുനേതാക്കളും സന്ദർശനത്തെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തും.
ചുരുക്കത്തിൽ വലിയ നേട്ടങ്ങളൊന്നും എടുത്തു പറയാനില്ലെങ്കിലും ട്രംപിന്റെ മാമാങ്ക പര്യടനത്തിന് രാഷ്ട്രീയവും നയതന്ത്രപരവുമായ പ്രാധാന്യമുണ്ട്. നേട്ടങ്ങൾ പിന്നാലെ വരുമെന്ന് പ്രതീക്ഷിക്കാം.