ഹൈദരാബാദ്: വിവാഹ ചടങ്ങുകൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ അതിഥികൾക്കിടയിൽ മുൻ കാമുകനെ കണ്ട് വധു. വിവാഹവേദിയിൽ കാമുകനെ കണ്ടതോടെയാണ് വധു കല്യാണത്തിന് തയ്യാറല്ലെന്ന് അറിയിച്ചു. ഇതോടെ വിവാഹം മുടങ്ങുകയും ചെയ്തു. തെലങ്കാനയിലെ വനപാർട്ടി ജില്ലയിലെ ചാർലപ്പള്ളി ഗ്രാമത്തിലാണ് സംഭവം.
വരൻ താലിയണിയിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പാണ് വധു തനിക്ക് ഈ വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ചത്. തിടുക്കത്തിൽ ഇങ്ങനൊരു തീരുമാനം എടുക്കരുതെന്ന് ബന്ധുക്കൾ പറഞ്ഞെങ്കിലും യുവതി അതൊന്നും ചെവികൊള്ളാതെ വിവാഹം നടക്കുന്ന ഹാളിൽ നിന്ന് പുറത്തേക്ക് പോയി.
മുൻ കാമുകനെ വിവാഹ വേദിയിൽ കണ്ടതിനാലാണ് വധു വിവാഹത്തിൽ നിന്ന് പിന്മാറിയതെന്നാണ് അവളുടെ കുടുംബം വിശ്വസിക്കുന്നത്. “ഞങ്ങൾ അവനെ പിടിക്കാൻ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല,” അതിഥികളിൽ ഒരാൾ പറഞ്ഞു. വിവാഹം കഴിക്കാതിരിക്കാൻ കാമുകൻ യുവതിക്ക് വല്ല ആംഗ്യവും കാണിച്ചിരുന്നോ? അവർ യഥാർത്ഥത്തിൽ ഒളിച്ചോടിയോ? എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് വിവാഹം കൂടാനെത്തിയവർ ചോദിക്കുന്നത്.